ലീസ് ഭൂമിയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു
1484537
Thursday, December 5, 2024 4:30 AM IST
കൽപ്പറ്റ: ജില്ലയിൽ പതിറ്റാണ്ടുകൾക്കു മുൻപ് കാർഷിക ആവശ്യങ്ങൾക്കായി വനം വകുപ്പ് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയുടെ പാട്ടം പുതുക്കി നൽകാത്തത് മൂലം കർഷകർ അനുഭവിച്ചു കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു.
വയനാട്ടിലെ നൂറുകണക്കിന് കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നത്തിനാണ് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പരിഹാരമായത്.
സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ വില്ലേജുകളിലും മാനന്തവാടി താലൂക്കിലെ തിരുന്നെല്ലി, തൃശിലേരി വില്ലേജുകളിലും ഉൾപ്പെട്ടുവരുന്ന കൃഷി ഭൂമി ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുൻപാണ് വനം വകുപ്പ് ഇത്തരത്തിൽ പാട്ടത്തിന് നൽകിയത്. ഇതിന് 2003 വരെ പാട്ടം പുതുക്കി നൽകുകയും ചെയ്തു. എന്നാൽ വനഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധികളുടേയും മറ്റും അടിസ്ഥാനത്തിൽ പിന്നീട് പാട്ടം പുതുക്കി നൽകിയില്ല. ഇതു മൂലം കർഷകരെ കുടിയൊഴിപ്പിക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിരുന്നു. കർഷകർക്കെതിരേ വനം നിയമ പ്രകാരം കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
2003ൽ പാട്ടം പുതുക്കിയ കർഷകർക്കോ അവരുടെ അനന്തരാവകാശികൾക്കോ വീണ്ടും ഭൂമി പാട്ടമായി നൽകുന്നതിനാണ് യോഗം തീരുമാനമെടുത്തത്. കർഷകർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുന്ന കാര്യം വനം വകുപ്പ് അനുഭാവപൂർവം പരിഗണിക്കും. വന്യമൃഗശല്യം കാരണം പാട്ടഭൂമിയിലെ കൃഷി നശിച്ച കർഷകർക്ക് പാട്ടം പുതുക്കുന്നതോടുകൂടി തടഞ്ഞുവച്ച നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കും. പുനരധിവസിക്കപ്പെട്ടവർക്ക് വനം വകുപ്പ് പ്രഖ്യാപിച്ച ആനുകൂല്യം നൽകിയിട്ടില്ലെന്ന പരാതി പരിശോധിച്ച് പരിഹരിക്കും. പുതിയതായി പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള അവസരവും നൽകും.
വന്യമൃഗശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് പ്രത്യേകമായ നടപടികൾ സ്വീകരിക്കും. പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റും ജില്ലാ കളക്ടറും കൂടിയാലോചന നടത്തി തീരുമാനങ്ങൾ നടപ്പാക്കും. റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു, സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, വനം, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻമാർ, കർഷക പ്രതിനിധികൾ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.