കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എൻ.യു. ഇമ്മാനുവലിന്
1484535
Thursday, December 5, 2024 4:30 AM IST
പുൽപ്പള്ളി: ആധുനിക പുൽപ്പള്ളിയുടെ ശില്പിയും നവോഥാന നായകനുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച എൻ.യു. ഇമ്മാനുവൽ തെരഞ്ഞെടുക്കപ്പെട്ടതായി അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമദിനമായ ഡിസംബർ ആറിന് രാവിലെ 10ന് വിജയ ഹയർ സെക്കൻഡറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ കമ്മ്യൂണിറ്റി അഗ്രോ ബയോഡൈവേഴ്സിറ്റി സെന്റർ ഡോ.എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വി. ഷക്കീല പുരസ്കാര സമർപ്പണം നടത്തും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. അനുസ്മരണത്തിന്റെ ഭാഗമായി ആറിന് രാവിലെ 9.30ന് വിജയ സ്ക്കൂൾ പരിസരത്തു നിന്നു ഘോഷയാത്രയും തുടർന്ന് പുൽപ്പള്ളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടക്കും. അനുസ്മരണ കമ്മിറ്റി ഭാരവാഹികളായ എം. ഗംഗാധരൻ, ബാബു നന്പുടാകം, എം.ബി. സുധീന്ദ്രകുമാർ, മാത്യു മത്തായി, കെ.എസ്. സതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.