ആശാൻ കൊളുത്തിയത് സ്നേഹത്തിന്റെ വിളക്ക്: ആലങ്കോട് ലീലാകൃഷ്ണൻ
1484532
Thursday, December 5, 2024 4:30 AM IST
സുൽത്താൻ ബത്തേരി: മഹാകവി കുമാരനാശാൻ കൊളുത്തി വച്ചത് ജീവിതത്തിന്റെയും സ്നേഹത്തിന്റെയും വിളക്കാണെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ.
കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടെ നേതൃത്വത്തിൽ ബത്തേരി അൽഫോൻസാ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്നേഹമാണ് പൂർണതയെന്നും സ്നേഹിക്കുന്പോഴാണ് നാം മനുഷ്യരാകുന്നതെന്നുമാണ് കവിതകളിലൂടെ ആശാൻ സമൂഹത്തോട് പറഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുപോലെയുള്ള ഹിംസാദ്മകമായ വാക്കുകൾ ലോകത്ത് എവിടെയും പിറക്കുന്നില്ല. പക്ഷേ ആശാൻ ഒരിക്കൽപോലും അക്രമത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. ധ്യാനത്തിന്റെ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. ജാതീയമായ അടിമത്തത്തെയും സ്ത്രീ അടിമത്തത്തെയുമാണ് ആശാൻ കവിതകളിലൂടെ ഇല്ലാതാക്കിയതെന്നും ആത്മീയതയെയും ഭൗതികതയെയും ഇത്രയും തുലനാത്മകമായി ലോകത്ത് ഒരു കവിയും ബന്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി. കസ്തൂരി ബായി അധ്യക്ഷത വഹിച്ചു.
പ്രഫ. കെ.പി. സജി, ഡോ.കെ. അനിൽകുമാർ, എ.എസ്. ആൽബർട്ട്, പി.പി. പ്രവീണ പ്രേമൻ, പ്രിയ വിനോദ്, ജലജ പത്മൻ, ആരിഫ് തണലോട്ട്, എം.എ. പുഷ്പ, ബാബു മൈലന്പാടി, വിനയകുമാർ അഴിപ്പുറത്ത്, പി.കെ. ഭഗത്, അനീഷ് ചീരാൽ എന്നിവർ പ്രസംഗിച്ചു.