അന്തർദേശീയ ഭിന്നശേഷി ദിനാചരണം നടത്തി
1484528
Thursday, December 5, 2024 4:30 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനാചരണം ഉജ്വൽ 2k24 നടത്തി.
ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു. ആർപിഡബ്ല്യുഡി ആക്ട് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗം ചാക്കോച്ചൻ അന്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്കായുള്ള വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലാസുകൾ നടന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലും വിവിധ കലാകായിക പരിപാടികളും നടന്നു.
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അവരുടെ വീടുകളിൽ പോയി വ്യക്ത്യധിഷ്ടിതമായ വിദ്യാഭ്യാസവും ഫിസിയോ തെറാപ്പി, തൊഴിൽപരിശീലനം തുടങ്ങി നിരവധിയായ സേവനങ്ങൾ നൽകുന്ന സ്പർശ് പ്രോജക്ട് ശ്രേയസിന്റെ അഭിമാന പദ്ധതിയാണെന്നും ഈ രംഗത്ത് കൂട്ടായ നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതായും ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി ഭിന്നശേഷിദിന സന്ദേശം നൽകി. കേരള കോണ്‍ഫെഡറഷൻ ഓഫ് ഡിഫറെൻറ്റലി ഏബിൾ സംസ്ഥാന പ്രസിഡന്റ് പി.പി. തോമസ് പ്രസംഗിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ സമ്മാനദാനം നടത്തി. പ്രോജക്ട് മാനേജർ കെ.പി. ഷാജി, സ്റ്റാഫ് സെക്രട്ടറി ജെൻസി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.