ഹാരിസണ്‍, ചെന്പ്ര ഭൂമി തിരിച്ചുപിടിക്കൽ: ഹർജികൾ ഫയലിൽ സ്വീകരിച്ചു; കക്ഷികൾക്ക് നോട്ടീസ് അയച്ചു
1484298
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: ഹാരിസണ്‍സ് മലയാളം കന്പനി നെൻമേനി വില്ലേജിലും ചെന്പ്ര പീക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് മുട്ടിൽ സൗത്ത് വില്ലേജിലും അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി തിരിപിടിക്കുന്നതിന് സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ സമർപ്പിച്ച ഹർജികൾ ബത്തേരി സബ് കോടതി ഫയലിൽ സ്വീകരിച്ചു. കക്ഷികൾക്ക് നോട്ടീസ് അയച്ചു. പാട്ടത്തിനു നൽകിയ ഭൂമി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതും വസ്തു അനധികൃതമായി കൈവശംവച്ച് കൈമാറ്റം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്. ഹാരിസണ്‍സ് കന്പനി നെൻമേനി വില്ലേജിൽ 491.72 ഉം ചെന്പ്ര പീക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് മുട്ടിൽ വില്ലേജിൽ 392.89 ഉം എക്കർ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നാണ് ഹർജികളിൽ പറയുന്നത്.
നെൻമേനി വില്ലേജിലെ ഭൂമി റിച്ചാർഡ് വാർക്കർ എന്ന വിദേശിയുടെ കൈവശത്തിലായിരുന്നതും റബർ പ്ലാന്റേഷൻ ട്രസ്റ്റ് ലിമിറ്റഡ് സുൽത്താൻ(യുകെ)എന്ന കന്പനിക്ക് വിൽപന നടത്തിയതുമാണ്. ഈ ഭൂമി പിന്നീട് ഈസ്റ്റ് ഇന്ത്യാ ടീ പ്രൊഡ്യൂസർ കന്പനിയുടെയും(യുകെ)മലയാളം പ്ലാന്റേഷൻസിന്റെയും(യുകെ) കൈവശത്തിലെത്തി. ഈ കന്പനികൾ മലയാളം പ്ലാന്റേഷൻസ് ഇന്ത്യ ലിമിറ്റഡുമായി ലയിച്ചു. ഭൂമി കൈമാറ്റങ്ങളും ലയനവും നിയമപരമോ നിലനിൽക്കുന്നതോ അല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കൈവശം ഉണ്ടായിരുന്നതിൽ പകുതിയോളം ഭൂമി എച്ച്എംഎൽ തുണ്ടങ്ങളാക്കി വിൽപന നടത്തിയതായും വീണ്ടും ഭൂമി കൈമാറ്റത്തിനും വിലപ്പിടിപ്പുള്ള മരങ്ങളുടെ കച്ചവടത്തിനും നീക്കം നടത്തുന്നതായും ഹർജിയിൽ പറയുന്നു. നിയമപരമായി സർക്കാരിനു അവകാശപ്പെട്ടതാണ് ചെന്പ്ര പീക്ക് എസ്റ്റേറ്റ് മാനേജ്മെന്റ് കൈവശം വയ്ക്കുന്ന ഭൂമിയെന്നാണ് ഹർജിയിൽ പറയുന്നത്.
ഹാരിസണ്‍ മലയാളം കന്പനിക്കെതിരേ ഒഎസ് 153/2024, ചെന്പ്ര പീക്ക് എസ്റ്റേറ്റ് മാനേജ്മെന്റിനേതിരേ ഒഎസ് 157/2024 നന്പറുകളായാണ് കേസ് ഫയൽ ചെയ്തത്. ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ജയപ്രമോദിന്റെ നിർദേശാനുസരണം അഡീഷണൽ ഗവ. പ്ലീഡർമാരായ ജോർജ് സെബാസ്റ്റ്യൻ(ബത്തേരി), അഭിലാഷ് ജോസഫ്(കൽപ്പറ്റ)എന്നിവർ സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായി.