ചുണ്ടേൽ എസ്റ്റേറ്റ് റോഡിലെ വാഹനാപകടം ആസൂത്രിതമെന്ന് ആരോപണം
1484297
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പ് ഇടിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ കാപ്പുകുന്ന് കുന്നത്തു പിടിയേക്കൽ നവാസ്(40)മരിച്ച സംഭവം വിവാദത്തിൽ. അപകടം ആസൂത്രിതമാണെന്നു നവാസിന്റെ ബന്ധുക്കൾ ആരോപിച്ചതാണ് ഇതിന് ആധാരം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നവാസ് സംഭവസ്ഥലത്ത് മരിച്ചു. അപകട സാധ്യത കുറഞ്ഞ സ്ഥലത്താണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. സുമിൽഷാദ് എന്നയാളാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇയാൾക്ക് നവാസിനോട് വ്യക്തിവിരോധം ഉള്ളതായി ബന്ധുക്കൾ പറയുന്നു. രാവിലെ ഏഴു മുതൽ ചുണ്ടേൽ തോട്ടം കവലയിൽ ഉണ്ടായിരുന്ന സുമിൽഷാദ് ചുണ്ടേൽ ടൗണിലായിരുന്ന നവാസിനെ ഫോണിൽ വിളിച്ചാണ് എസ്റ്റേറ്റ് റോഡിൽ എത്തിച്ചെന്ന ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്.
ബന്ധുക്കളുടെ പരാതിയിൽ സുമിൽഷാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള സുമിൽഷാദിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. സുമിൽഷാദിനും നവാസിനും ചുണ്ടേലിൽ റോഡിന് ഇരുവശങ്ങളിലായി കട ഉണ്ട്. കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തേ തർക്കം നടന്നിരുന്നു.
സുമിൽഷാദിന്റെ പിതാവ് ചുണ്ടേൽ വെള്ളംകൊല്ലിയിൽ നടത്തുന്ന റസ്റ്ററന്റിനുനേരേ ഇന്നലെ കല്ലേറുണ്ടായി. ബൈക്കിൽ എത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. മുൻവശത്തെ ചില്ല് തകർന്നു. റസ്റ്ററന്റിനു പോലീസ് കാവൽ ഏർപ്പെടുത്തി.