ദുരന്തബാധിതരോടുള്ള അവഗണന: ഹരിതസേന അഞ്ചിന് ഉപവസിക്കും
1483993
Tuesday, December 3, 2024 4:57 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ അവഗണിക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾക്കെതിരേ അഞ്ചിന് രാവിലെ 10 മുതൽ കളക്ടറേറ്റ് പടിക്കൽ ഏകദിന ഉപവാസ സമരം നടത്തും.
സർക്കാരുകൾ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹരിതസേന ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ, പി.എൻ. സുധാകര സ്വാമി, ഹരിദാസ് മലവയൽ, സന്തോഷ് മൂപ്പൈനാട്, ജെ.ആർ. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും പുനരധിവാസത്തിന് അർഹരായ കുടുംബങ്ങളേയും സ്ഥലവും കണ്ടെത്താൻ സർക്കാരിനായിട്ടില്ല. നിലവിലെ ഗുണഭോക്താക്കളുടെ കരട് പട്ടികയിൽ അർഹരായ പലരും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
മാറി താമസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും പുനരധിവാസത്തിൽ പരിഗണിക്കണം. കാണാതാവരെ മരിച്ചതായി കണക്കാക്കി കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകണം. ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളി ഉപജീവന മാർഗങ്ങൾ കണ്ടെത്താനായി പലിശ രഹിത വായ്പകൾ അനുവദിക്കണം. കുട്ടികളുടെ ഉന്നത പഠനം സൗജന്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കടാശ്വാസ കമ്മീഷൻ നൽകിയ ഇളവുകൾ കഴിഞ്ഞുള്ള ബാക്കി തുക അടച്ച കർഷകർക്ക് ഒഴിമുറി നൽകാത്ത കാർഷിക ഗ്രാമ വികസന, പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിനെതിരേയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒൻപതിന് രാവിലെ 10ന് കൽപ്പറ്റ എംജിടി ഹാളിൽ കർഷക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.