ജില്ലാതല ബാലപാർലമെന്റ് സംഘടിപ്പിച്ചു
1483989
Tuesday, December 3, 2024 4:56 AM IST
കൽപ്പറ്റ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ ഉൾപ്പെടുത്തി ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തൽ, സ്കോളർഷിപ്പുകൾ, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങിയ വിദ്യാർഥികളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ബാലപാർലമെന്റിൽ കുട്ടി നേതാക്കൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കാർഷിക മാലിന്യ നിയന്ത്രണം, കർഷകരുടെ ഉന്നമനം, സാമൂഹ്യനീതി അധിഷ്ഠിതമായ സുരക്ഷ തൊഴിൽ മേഖലയിൽ കൊണ്ടുവരുക, പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കൽ, പരിസ്ഥിതി സംരക്ഷണം, ക്രമസമാധാനം നിലനിർത്തൽ തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന നിരവധി ചോദ്യങ്ങളെയും പ്രമേയങ്ങളെയും അനുകൂലിച്ചും എതിർപ്പുകൾ പ്രകടിപ്പിച്ചും ചർച്ചകളിലൂടെയും ശബ്ദ വോട്ടോടെ നന്ദി പ്രമേയം പാസാക്കി.
രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റേറ്റ് ആർപി പവിത്രൻ കുട്ടികൾക്ക് പരിശീലനം നൽകി. ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ. അമീൻ, മാനന്തവാടി സിഡിഎസ് ചെയർപേഴ്സണ് വത്സ മാർട്ടിൻ, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ. ബിജോയ്, ബ്ലോക്ക് കോഓർഡിനേറ്റർ വി.കെ. അനുശ്രീ എന്നിവർ പ്രസംഗിച്ചു.