കാട്ടാന നെൽകൃഷി നശിപ്പിച്ചു
1483986
Tuesday, December 3, 2024 4:56 AM IST
പനമരം: വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാന അരയേക്കറിലെ നെല്ല് പൂർണമായും തിന്നും ചവിട്ടിയും നശിപ്പിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷതേടി ഓടുന്നതിനിടെ വീണു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കർഷകന്റെ കുടുംബം ഇറക്കിയ നഞ്ചക്കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. കൊയ്ത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്പോഴാണ് കഴിഞ്ഞ മേയ് 19ന് ബെന്നിയുടെ നെൽക്കൃഷി കാട്ടാന നശിപ്പിച്ചത്.
വയലിലിറങ്ങി നെല്ല് തിന്നുകൊണ്ടിരുന്ന കാട്ടാനയെ തുരത്തുന്പോൾ തിരിഞ്ഞെത്തിയ ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് കന്പിയിൽ തട്ടി തോട്ടിൽ വീണ് ബെന്നിക്ക് പരിക്കേറ്റതും ചികിത്സയ്ക്കിടെ മരിച്ചതും.
ബെന്നിയുടെ മരണശേഷം ഭാര്യ ക്ലാര വീണ്ടും നടത്തിയ കൃഷിയാണ് കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ചത്. പാതിരി സൗത്ത് സെക്ഷനിലെ ചെക്കിട്ടയിൽ കൽമതിൽ തകർന്നു കിടക്കുന്ന ഭാഗത്തുകൂടിയാണ് ആന എത്തിയത്.
കാട്ടാനശല്യം മൂലം മൂന്ന് കർഷകർ മാത്രമാണ് ഇക്കുറി ചീരവയൽ പാടശേഖരത്തിൽ നഞ്ചക്കൃഷി ഇറക്കിയത്. ഇതിൽ രണ്ട് കർഷകർ കഴിഞ്ഞദിവസം നെല്ല് കൊയ്തെടുത്തതോടെ ക്ലാര ബെന്നിയുടെ നെല്ല് മാത്രമാണ് കൊയ്യാനുണ്ടായിരുന്നത്. ഇതാണ് കാട്ടാന നശിപ്പിച്ചത്.