ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി
1483765
Monday, December 2, 2024 5:05 AM IST
കൽപ്പറ്റ: സ്കൂൾ, കോളജ് വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ജില്ലയിലും വ്യാപകമാകുന്നതിനെതിരേ രക്ഷിതാക്കളും വിദ്യാർഥികളം ബാങ്ക് ജീവനക്കാരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ നിലവിൽ 25ലധികം തട്ടിപ്പുകേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
വിദ്യാർഥികൾക്ക് പണം നൽകി അക്കൗണ്ട് എടുപ്പിക്കുകയും ഫോണ് നന്പർ മാറ്റാരുടേതോ നൽകുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഈ മൊബൈലിൽ ലഭിക്കുന്ന ഒടിപിയും പെർമിഷനും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ലഹരി മാഫിയകളും കള്ളപ്പണ ഇടപാട് നടത്തുന്നവരുമാണ് വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങുന്നത്. ഇത് കുറ്റത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
ഇതര സംസ്ഥാന പോലീസാണ് വിദ്യാർഥികളെ അറസ്റ്റുചെയ്യുന്നത്. ചെറിയ തുക ആദ്യഘട്ടത്തിൽ ലഭിക്കുന്നതിൽ ആകൃഷ്ടരായിട്ടാണ് വിദ്യാർഥികൾ അക്കൗണ്ട് തുടങ്ങാൻ സന്നദ്ധരാവുന്നത്. ഇത്തരം അക്കൗണ്ടുകളിലൂടെ വലിയ തുകകളാണ് കൈമാറ്റം ചെയ്യുന്നത്. ഈ തുക നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ക്രിമിനൽ കേസും സാന്പത്തിക തിട്ടിപ്പ് കേസും ചുമത്തുന്നതോടെ വിദ്യാർഥികളുടെ പെട്ടെന്നുള്ള മോചനം അസാധ്യമാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ബോധത്കരണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ വീട് നിർമിക്കുകയും പിന്നീട് രേഖകൾ ലഭ്യമല്ലാത്തതിനാൽ വീട്ടു നന്പർ ലഭിക്കാത്തതുമായ പട്ടികവർഗക്കാർക്ക് അടിയന്തരമായി വീട്ടുനന്പർ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർദേശം നൽകി. വർഷങ്ങളായി പട്ടിക വർഗ വിഭാഗം അനുഭവിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ കാണണമെന്ന് കളക്ടർ നിർദേശിച്ചു.
നെല്ലാറച്ചാൽ ടൂറിസം വിശ്രമ കേന്ദ്രത്തിന് അടുത്ത വികസന സമിതി യോഗത്തിന് മുന്പ് കെട്ടിടനന്പർ ലഭ്യമാക്കുക, സാമൂഹിക പഠനമുറികളുടെ പ്രവർത്തനം കാര്യക്ഷമാക്കുക, പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തുക എന്നീ നിർദേശങ്ങളും നൽകി.
വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിലെ തടസങ്ങൾ നീക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മേപ്പാടി വിത്തുകാടിൽ താമസിക്കുന്ന മറ്റു വാസസ്ഥലമില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് താത്കാലികമായെങ്കിലും കെട്ടിട നന്പർ, കുടിവെള്ളം, വൈദ്യുതി കണക്ഷൻ എന്നിവ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശം നൽകി. എഡിഎം കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.