ദേവർഷോല ടൗണിൽ മൂന്ന് കടകൾ കത്തിനശിച്ചു
1483588
Sunday, December 1, 2024 6:40 AM IST
ഗൂഡല്ലൂർ: ദേവർഷോല ടൗണിൽ മൂന്ന് കടകൾ കത്തിനശിച്ചു. നുനൂസ് ബേക്കറി, മംഗളം ടെക്സ്റ്റയിൽസ്, മറ്റൊരു കട എന്നിവയാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നുനൂസ് ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തെ രണ്ട് കടകളിലേക്കു പടരുകയായിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. തുണിക്കടയുടെ മുകൾ നിലയിൽ ഉറങ്ങുകയായിരുന്നവർ പുകമൂലം ശ്വാസതടസം നേരിട്ട് ഉണർന്നപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിക്കൂടി. അഗ്നി-രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് രാവിലെ ആറോടെയാണ് തീയണച്ചത്. തീപിടിത്തത്തെത്തുർന്നു ടൗണിലാകെ പുക നിറഞ്ഞു.
തുണിക്കടയിലെ വസ്ത്രങ്ങളും ബേക്കറിയിലെ സാധനങ്ങളും പൂർണമായും നശിച്ചു. തീപിടിച്ച കടകളിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.