മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റി ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകി
1483587
Sunday, December 1, 2024 6:40 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് ഹോംകെയർ കമ്മിറ്റി ഡയലാലിസ് രോഗികൾക്ക് സഹായധനം നൽകി. പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 34 രോഗികൾക്കാണ് 10,000 രൂപ വീതം നൽകിയത്. വിതരണം ഉദ്ഘാടനം ഇന്നു രാവിലെ 10ന് റിപ്പണ്‍ മദ്രസയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. റഫീഖ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡയാന മച്ചാഡോ, പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. വിജയകുമാരി, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. പ്രവീണ്‍കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ച് പൊതുജനങ്ങളിൽനിന്നു ധനസമാഹരണം നടത്തുന്നുണ്ട്. പാലിയേറ്റീവ് നിധിയിലേക്ക് ഏറ്റവും ഒടുവിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽനിന്നുമായി ഏകദേശം 9.25 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഈ തുകയിൽനിന്നാണ് ഡയാലിസിസ് രോഗികൾക്ക് സഹായം നൽകിയത്.
ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് മൂപ്പൈനാടിൽ കാൻസർ, വൃക്ക രോഗികൾ കൂടുതലാണ്. ഇതു കണക്കിലെടുത്താണ് പഞ്ചായത്ത്, വാർഡ് തലങ്ങളിൽ പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റികൾ രൂപീകരിച്ചത്. കിടപ്പുരോഗികൾക്ക് കമ്മിറ്റികൾ മുഖേന സാധ്യമായ സേവനം ലഭ്യമാക്കുന്നുണ്ട്.
മാരകരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ "വീട്ടുപച്ച’ എന്ന പേരിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം എട്ട് വാർഡുകളിൽ പ്രാവർത്തികമാക്കിയ പദ്ധതി ഈ വർഷം എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. രോഗ നിർണയ ക്യാന്പുകൾ, ബോധവത്കരണ സെമിനാറുകൾ തുടങ്ങിയവ അടുത്തവർഷം സംഘടിപ്പിക്കും.