പോലീസിന്റേത് കാടൻ നടപടി: കെ.എൽ. പൗലോസ്
1483582
Sunday, December 1, 2024 6:40 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ നടന്ന് നാലുമാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് സംരക്ഷണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ താത്പര്യം കാണിക്കാത്തതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് പ്രവർത്തകർക്കെതിരായ പോലീസ് നടപടി കാടത്തമാണെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് കുറ്റപ്പെടുത്തി.
ഉരുൾപൊട്ടലിനെത്തുടർന്നു കാണാതായ 47 പേരെ കണ്ടെത്തുന്നതിന് നടപടില്ല. സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എവിടെയെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. ദുരന്തത്തിനിരയായി വാടകക്കെട്ടിടത്തിൽ കഴിയുന്നവർക്ക് പ്രതിദിനം നൽകിവന്നിരുന്ന 300 രൂപ പലർക്കും കിട്ടാതായി.
എത്രകാലംകൊണ്ട് പുനരധിവാസം പൂർത്തിയാക്കാൻ കഴിയുമെന്ന് സർക്കാർ പറയുന്നില്ല. പുനരധിവാസത്തിന് ആയിരക്കണക്കിന് കോടി രൂപ വേണമെന്നു മാത്രമാണ് പറയുന്നത്. പരസ്പരം ആരോപണം ഇന്നയിച്ച് ദുരന്തബാധിതരെ പറ്റിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയാണ് യൂത്ത് കോണ്ഗ്രസ് പ്രതികരിച്ചത്. അവർക്കെതിരായ പോലീസ് നടപടി മാപ്പ് അർഹിക്കുന്നില്ലെന്നും പൗലോസ് പറഞ്ഞു.