വാളാട് ക്വാറി വിരുദ്ധ സമരസമിതി ധർണ നടത്തി
1483581
Sunday, December 1, 2024 6:40 AM IST
മാനന്തവാടി: വാളാട് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം, ധർണ എന്നിവ നടത്തി. പ്രദേശത്തെ ക്വാറി പ്രവർത്തനം നിർത്തലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ക്വാറി പരിസരത്ത് ആരംഭിച്ച പന്തംകൊളുത്തി പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു. ധർണ പ്രശാന്തഗിരി ഇടവക വികാരി ഫാ. ബിജു പുന്നക്കാപടവിൽ ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനർ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം എൻ.ജെ. ഷിജിത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയൻ, പാരിഷ് കൗണ്‍സിൽ അംഗം ജോസ് പുലിതൂക്കിൽ, പി.പി. ജോണി, ജിൽജി പെരിയപ്പുറം, ബിനു പൊട്ടക്കൽ, സമരസമിതി ചെയർമാൻ റെജി മാത്യു, ജിനി ജോസഫ് എന്നിവർ പ്രസംഗിച്ചു.