പുഞ്ചിരിമട്ടം പുനരധിവാസം : യൂത്ത് കോണ്ഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്
1483580
Sunday, December 1, 2024 6:40 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പ്രത്യേക സാന്പത്തികസഹായം അനുവദിക്കുന്നതിലും കേന്ദ്ര സർക്കാർ വിമുഖത കാട്ടുന്നതിലും പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം.
രണ്ടാമത്തെ ഗേറ്റ് തള്ളിത്തുറന്ന് കളക്ടറേറ്റ് വളപ്പിൽ കയറാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. നാലുതവണയാണ് ലാത്തിച്ചാർച്ച് നടന്നത്. ഇതിനിടെ ടിയർ ഗ്യാസ് പ്രയോഗവും ഉണ്ടായി.
25 ഓളം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇതിൽ ജില്ലാ പ്രസിഡന്റ് അമൽ ജോയി, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ സെക്രട്ടറി ഹർഷൻ കോന്നാടൻ എന്നിവർക്ക് ഗുരുതര പരിക്കുണ്ട്. ഇവരടക്കം എട്ടു പേർ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടി. മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജഷീർ പള്ളിയാലിനെ പോലീസ് വളഞ്ഞുവച്ച് തല്ലിയതായി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പറഞ്ഞു.
രാവിലെ 11 ഓടെയാണ് കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ എത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഉദ്ഘാടനത്തിനുശേഷം, ശക്തമായ പോലീസ് കാവലുള്ള ഒന്നാം ഗേറ്റ് ഒഴിവാക്കി രണ്ടാം ഗേറ്റിലൂടെ കളക്ടറേറ്റിലേക്ക് പ്രവേശിക്കാൻ യൂത്ത് കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും ശ്രമിച്ചു. ഇത് പോലീസുമായുള്ള സംഘർഷത്തിലേക്കും ലാത്തിയടിയിലേക്കും നീങ്ങുകയായിരുന്നു.
ഓടിമാറിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പിൻതുടർന്നു തല്ലി. പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ സംഘർഷം ഉണ്ടായി. അപ്പോഴെല്ലാം പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ തിരിച്ചുവിട്ടത്. രണ്ടാം ഗേറ്റിൽ ഇടതുപക്ഷ അനുകൂല ഭിന്നശേഷി ജീവനക്കാരുടെ ധർണ നടക്കുന്നതിനിടെയായിരുന്നു കളക്ടറേറ്റ് വളപ്പിൽ കയറാനുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ശ്രമം. ധർണ നടക്കുന്ന സ്ഥലത്തേക്ക് യൂത്ത് കോണ്ഗ്രസുകാർ അതിക്രമിച്ചുകയറിയെന്നും ജീവനക്കാരെ മർദിച്ചെന്നും എൻജിഒ യൂണിയൻ ജില്ലാ നേതാക്കൾ ആരോപിച്ചു.
പോലീസ് അകാരണമായാണ് ലാത്തിച്ചാർജ് നടത്തിയതെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി സംഷാദ് മരയ്ക്കാർ ആരോപിച്ചു.
പോലീസ് നടത്തിയത് പൈശാചിക ആക്രമണം: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കുനേരേ പോലീസ് പൈശാചിക ആക്രമണമാണ് നടത്തിയതെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. പലരുടെയും തലയ്ക്കും മുഖത്തും നെഞ്ചിലുമാണ് ലാത്തിയടിയേറ്റത്.
പ്രവർത്തകരെ കടയിൽ കയറിയും മർദിച്ചു.
അടികൊണ്ട് നിലത്തുവീണവരെ വീണ്ടും ആക്രമിച്ചു. മനുഷ്യാവകാശലംഘനമാണ് പോലീസ് നടത്തിയത്. പുഞ്ചിരിമട്ടം ഉരുൾ ദുരന്തം നടന്ന് നാല് മാസമായിട്ടും പുനരധിവാസത്തിനുള്ള ഭൂമിപോലും ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ ദുരന്തബാധിതരെ അവഗണിക്കുകയാണ്. ഇതിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമാണെന്നും സിദ്ദിഖ് പറഞ്ഞു.
പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: സമാധാനപരമായി കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. പോലീസ് നടപടി വേദനാജനകവും ജനാധിപത്യ വിരുദ്ധമാണ്.
ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് കോണ്ഗ്രസ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റേത് കിരാത നടപടി: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നടപടി കിരാതമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കോടിക്കണക്കിന് രൂപ എത്തിയിട്ടും പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുരനധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഉദാസീനതയാണ്.
സൗകര്യപ്രദമായ ഭൂമി വിലയ്ക്കുവാങ്ങി പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ സർക്കാർ മെല്ലെപ്പോക്കിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത്കോണ്ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. പുനരധിവാസം വൈകുന്നതിനെതിരായ സമരങ്ങളെ അടിച്ചമർത്താമെന്നു ആരും കരുതരുത്.
ദുരന്തബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ പ്രതിഷേധവുമായി കോണ്ഗ്രസ് മുന്നോട്ടുപോകും. അകാരണമായി യൂത്ത്കോണ്ഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർഗിച്ച സംഭവം പോലീസിലെ ഉന്നതർ അന്വേഷിക്കണമെന്നു അപ്പച്ചൻ ആവശ്യപ്പെട്ടു.
അക്രമം നടത്തിയ പോലീസുകാർക്കെതിരേ നടപടി വേണം: കെ. സുധാകരൻ എംപി
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പ്രതിഷേധിച്ചു. അക്രമം നടത്തിയ പോലീസുകാർക്കെതിരേ നടപടി ഉണ്ടാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
2024 ജൂലൈ 30നാണ് കേരളത്തെ ഞടുക്കിയ മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായത്. നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ തീരാദുരിതത്തിലാണ്.
ദുരന്തം നേരിട്ടു ബാധിച്ചവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരും അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും വലിയ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറനയം സ്വീകരിച്ചതോടെ ദുരന്തബാധിതരുടെ ദുരിതം അനന്തമായി നീളുകയാണ്.
സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോണ്ഗ്രസ് ശ്രമിച്ചത്. അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്നം തീരില്ലെന്നു സർക്കാർ ഓർക്കുന്നതു നല്ലതാണെന്നും സുധാകരൻ പറഞ്ഞു.