പ്രാഥമിക സംഘങ്ങളെ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം: ഇ.ഡി. സാബു
1483231
Saturday, November 30, 2024 4:49 AM IST
മാനന്തവാടി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ആസൂത്രിത നീക്കം നടത്തുകയാണെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി. സാബു. ഫ്രണ്ട് താലൂക്ക് സമ്മേളനം ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാവശ്യ നിയമങ്ങൾ നടപ്പാക്കി സഹകരണ സംഘങ്ങളുടെ കടയ്ക്കൽ സർക്കാർ കത്തിവയ്ക്കുകയാണ്.
ക്ഷീരമേഖലയും ഇൻഡസ്ട്രിയൽ, മാർക്കറ്റിംഗ്, കണ്‍സ്യൂമർ സംഘങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്കുനേരേ സർക്കാർ കണ്ണടയ്ക്കുകയാണ്. കേരള ബാങ്കിനോടുള്ള അമിത സ്നേഹംമൂലം പാക്സിനെ നശിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സാബു പറഞ്ഞു. താലൂക്ക് പ്രസിഡന്റ് സജി മാത്യു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി. ഷിജു, ടി.സി. ലൂക്കോസ്, ഷാജി തോമസ്, കെ. സുനിൽ, എം.ജി. ബാബു, ജിഷ ആനന്ദ്, ഷീന ജോർജ്, ജിൽസണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു.