ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ്: സ്റ്റാൾ ബുക്കിംഗ് പുരോഗമിക്കുന്നു
1483230
Saturday, November 30, 2024 4:49 AM IST
കൽപ്പറ്റ: വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉത്പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ഡിസംബർ 20 മുതൽ 29വരെ പൂക്കോട് വെറ്ററിനറി കോളജിൽ നടത്തുന്ന ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ സ്റ്റാൾ ബുക്കിംഗ് പുരോഗമിക്കുന്നു.
കോണ്‍ക്ലേവിന്റെ ഭാഗമായി രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വാഫാമിംഗ്, പൗൾട്രി, അഗ്രിക്കൾച്ചർ സ്റ്റാളുകളാണ് ഒരുക്കുന്നത്.
താത്പര്യമുള്ള വ്യക്തികൾ, കന്നുകാലി-ക്ഷീര കർഷകർ എന്നിവർക്കും കാർഷികോത്പാദക സംഘടനകൾക്കും പ്രദർശന സ്റ്റാളുകൾ ഒരുക്കാം. ഡിസംബർ ഒന്നിന് സ്റ്റാളുകളുടെ ജനറൽ അലോട്മെന്റ് നടത്തും. സ്റ്റാൾ ബുക്കിംഗിനു 9946422221 എന്ന നന്പറിൽ വിളിക്കാം.
കന്നുകാലി, ക്ഷീര, കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണം, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, ശിൽപശാലകൾ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമാണ്.