പെൻഷനും ആനുകൂല്യങ്ങളും നൽകാതെ നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ്
1483229
Saturday, November 30, 2024 4:49 AM IST
കൽപ്പറ്റ: പെൻഷനും ആനുകൂല്യങ്ങളും നൽകാതെ നിർമാണത്തൊഴിലാളി ക്ഷേനിനി ബോർഡ്. ക്ഷേമബോർഡിൽ പണം അടച്ച് 60 വയസ് പൂർത്തിയാക്കി ജോലിയിൽനിന്നു പിരിഞ്ഞ തൊഴിലാളികൾക്ക് 14 മാസമായി പെൻഷൻ ലഭിക്കുന്നില്ല.
പുതുതായി 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 2022 ഏപ്രിൽ മുതൽ പെൻഷൻ അനുവദിച്ചിട്ടില്ല. അവർ കുടിശികയില്ലാതെ അടച്ച അംശാദായ സംഖ്യ തിരിച്ചുകൊടുക്കുന്നുമില്ല. സ്ത്രീ തൊഴിലാളികളുടെ 10,000 രൂപ വീതമുള്ള വിവാഹ സഹായധനവും 15,000 രൂപ വീതമുള്ള പ്രസവാനുകൂല്യങ്ങളും 2022 മുതൽ വിതരണം ചെയ്തിട്ടില്ല. പെൻഷൻ പറ്റിയവരടക്കം നിർമാണത്തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുകയാണ്.
സാന്പത്തിക പ്രതിസന്ധിയുടെയും മറ്റും പേരിലാണ് ക്ഷേമനിധി ബോർഡ് പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതെന്നു ജനറൽ കണ്സ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(എച്ച്എംഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. ശങ്കരൻ, സെക്രട്ടറി പി.കെ. അനിൽകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി. സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുടിശികയായ ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ നാലിന് യൂണിയൻ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് അവർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1,200ൽപരം പേർ പങ്കെടുക്കുന്ന സമരം രാവിലെ 11ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും.