ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല പരിപാടികൾ ഒന്നിനും രണ്ടിനും
1483228
Saturday, November 30, 2024 4:49 AM IST
കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികൾ ഒന്ന്, രണ്ട് തീയതികളിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സെയ്തലവി, ജില്ലാ എയ്ഡസ് നിയന്ത്രണ ഓഫീസർ ഡോ. പ്രിയ സേനൻ, എആർടി മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. ജാലിബ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ. സലിം, ജില്ലാ എച്ച്ഐവി-ഡിആർടിബി കോ ഓർഡിനേറ്റർ വി.ജെ. ജോണ്സണ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒന്നിനു വൈകുന്നേരം ആറിന് കൽപ്പറ്റ എച്ചഐഎം യുപി സ്കൂൾ പരിസരത്ത് ദീപം തെളിയിക്കും. ഫാത്തിമ മാതാ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും.
രണ്ടിനു രാവിലെ 10ന് ബത്തേരി സെന്റ് മേരീസ് കോളജിൽ പൊതുസമ്മേളനം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും.ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ.സമീഹ സെയ്തലവി എയ്ഡ്സ് ദിന സന്ദേശം നൽകും. അസംപ്ഷൻ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികളും വിനായക സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികളും ഫ്ളാഷ് മോബും വയനാട് നാട്ടുകൂട്ടം കുറവരശുകളിയും അവതരിപ്പിക്കും.
എച്ച്ഐവി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കഴിഞ്ഞ ജനുവരി മുതൽ ഒക്ടോബർ വരെ ജില്ലയിൽ 2,698 ഗർഭിണികൾ അടക്കം 14,909 പേരെ എച്ച്ഐവി ടെസ്റ്റിനു വിധേയമാക്കി. ഒൻപത് പേരിൽ എച്ച്ഐവി സ്ഥിരീകരിച്ചു. ഇതിൽ ഗർഭിണികൾ ഇല്ല. എച്ച്ഐവി ബാധിതരായ മുഴുവൻ ആളുകൾക്കും കൗണ്‍സലിംഗ് നൽകി ആൻറ്റി റിട്രോ വൈറൽ തെറാപ്പി ലഭ്യമാക്കി. നിലവിൽ ജില്ലയിൽ 267 എച്ച്ഐവി പോസിറ്റീവ് കേസുകളാണുള്ളത്.
ഇതിൽ 152 പേർക്ക് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ആൻറ്റി റിട്രോ വൈറൽ തെറാപ്പി യൂണിറ്റ് വഴിയാണ് ചികിത്സ നൽകുന്നത്. ബാക്കിയുള്ളവർക്ക് സമീപ ജില്ലകളിലാണ് ചികിത്സ. എച്ച്ഐവി പരിശോധനയ്ക്കും ബാധിതർക്ക് കൗണ്‍സലിംഗ് ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇൻറ്റഗ്രേറ്റഡ് കൗണ്‍സലിംഗ് ആൻഡ് ടെസ്റ്റിംഗ് സെൻറ്റർ പ്രവർത്തിക്കുണ്ട്.
എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള ലക്ഷ്യവിഭാഗങ്ങൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് സുരക്ഷാ പ്രോജക്ടുകൾ ജില്ലയിലുണ്ട്. ഫ്ളെയിം, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നത്.