വർണോത്സവം: കലാമത്സരം ഡിസംബർ ഏഴിന് കൽപ്പറ്റയിൽ
1483227
Saturday, November 30, 2024 4:49 AM IST
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വർണോത്സവത്തിന്റെ ഭാഗമായി ഡിസംബർ ഏഴിന് കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജൻ, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീൻ, ട്രഷറർ കെ. സത്യൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജൻ, പി.ആർ. ഗിരിനാഥൻ, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം.
ഒരു വിദ്യാലയത്തിൽനിന്നു ഒരിനത്തിൽ രണ്ടുപേർക്കും ഒരു കുട്ടിക്ക് രണ്ടിനങ്ങളിലും പങ്കെടുക്കാം. സംഘഗാനം ഒഴികെ ഇനങ്ങളിൽ ആണ്, പെണ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരം ഉണ്ടാകും.
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാമത്സരത്തിന്റെ ജില്ലാതല മത്സരം ഡിസംബർ ഏഴിന് രാവിലെ 10 മുതൽ 12 വരെ കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
രജിസ്ട്രേഷൻ രാവിലെ ഒൻപതിന് ആരംഭിക്കും. കുട്ടികളെ ജനറൽ വിഭാഗത്തിൽ 5-8, 9-12, 13-16, പ്രത്യേക ശേഷി വിഭാഗത്തിൽ 5-10, 11-18 വയസ് എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങൾ. പങ്കെടുക്കുന്നവർ വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവർ അക്കാര്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കരുതണം. ചിത്രം വരയ്ക്കുള്ള കടലാസ് സമിതി നൽകും. മറ്റു സാമഗ്രികൾ കൊണ്ടുവരണം. ജലച്ചായം, എണ്ണച്ചായം, പെൻസിൽ എന്നീ മാധ്യമങ്ങൾ രചനയ്ക്ക് ഉപയോഗിക്കാം. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ രചനകൾ സംസ്ഥാനതല മത്സരത്തിന് അയയ്ക്കും. ഫോണ്: 9048010778, 9496344025.