കാണികൾക്ക് ഹരമായി പണിയ നൃത്തം
1482976
Friday, November 29, 2024 5:55 AM IST
നടവയൽ: ജില്ലാ സ്കൂൾ കലോത്സവ വേദിയെ ഹരം കൊള്ളിച്ച് പണിയ നൃത്തം. മത്സരിച്ച എല്ലാ ടീമുകളിലും കൂടുതലും ഗോത്രവിഭാഗത്തിലുള്ളവരായിരുന്നു. വയനാടിന്റെ തനതു കലാരൂപമായ പണിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏഴു ടീമുകളാണ് മാറ്റുരച്ചത്.
വൃത്താകൃതിയിൽ നിന്നു ചുവടുവയ്ക്കുന്നതിനാൽ ഇതിന് വട്ടക്കളി എന്ന പേരുമുണ്ട്. വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും പണിയ ഉന്നതികളിൽ വട്ടക്കളി അവതരിക്കാറുണ്ട്. തൂടി, ചീനി താളത്തിനൊത്ത് സ്ത്രീകൾ ചുവടുവയ്ക്കുകയാണ് ചെയ്യുന്നത്. കളിയുടെ സമയത്ത് സ്ത്രീകൾ പാട്ടുകൾ പാടും. തുടി, ചീനി വാദകരെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കതും.