വഞ്ചിപ്പാട്ടിൽ ഒന്നാം സ്ഥാനത്ത് തുഴഞ്ഞെത്തി മേപ്പാടി ജിഎച്ച്എസ്എസ്
1482975
Friday, November 29, 2024 5:55 AM IST
നടവയൽ: വഞ്ചിപ്പാട്ടിൽ മേപ്പാടി ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് തുഴഞ്ഞെത്തി. എച്ച്എസ്എസ് വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലിയിൽ മഹാകവി കുഞ്ചൻ നന്പ്യാരുടെ വരികളാണ് ഇവർ ആലപിച്ചത്.
ഗാനത്തിനു നേതൃത്വം നൽകിയത് ലക്ഷ്മിയാണ്. കഴിഞ്ഞ പ്രാവശ്യം വെള്ളാർമല ജിഎച്ച്എസിൽനിന്ന് സംസ്ഥാന തലത്തിൽ മത്സരിച്ച് ടീം എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ മേപ്പാടിയിലാണ് പ്ലസ്ടുവിന് ചേർന്നത്. ഇത്തവണയും സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ടീം. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ ദുരന്തം അുഭവിച്ചവരാണ് ടീമിലെ നാല് പേർ. വിസ്മയ, ലക്ഷ്മി, സൽന, ആർദ്ര എന്നിവർക്ക് ദുരന്തത്തിൽ വീടും സന്പാദ്യങ്ങളും നഷ്ടപ്പെട്ടിരുന്നു. ഉരുൾ ദുരന്തത്തെ അതിജീവിച്ചതുപോലെ പ്രതിസന്ധികളെ തരണം ചെയ്താണ് മേപ്പാടി ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വി. ഉണ്ണികൃഷ്ണനാണ് ഇവരെ വഞ്ചിപ്പാട്ട് അഭ്യസിപ്പിച്ചത്.
ആറൻമുളയിലേക്ക് വഞ്ചി തുഴഞ്ഞ്
പടിഞ്ഞാറത്തറ ഒന്നാമതെത്തി
നടവയൽ: ആറൻമുള്ള ശൈലിയിൽ കുചേല വൃത്തം വഞ്ചിപ്പാട്ടിൽ ശ്രീകൃഷ്ണഭഗവനെ സ്തുതിച്ച് വഞ്ചി തുഴഞ്ഞ പടിഞ്ഞാറത്തറ ഹൈസ്കൂളിന് എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. പാഞ്ചജന്യം മുഴക്കി യുദ്ധത്തിനിറങ്ങുന്ന ഭാഗമാണ് വഞ്ചിപ്പാട്ടിലൂടെ പടിഞ്ഞാറത്തറ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്. ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തായതിനാൽ അപ്പീലിലൂടെയാണ് ജില്ലാതലത്തിൽ മത്സരിക്കാനെത്തിയത്.