പരിഹാരമില്ലാതെ തരുവണ-പാലിയാണ-കക്കടവ് റോഡിന്റെ ശോച്യാവസ്ഥ
1482972
Friday, November 29, 2024 5:55 AM IST
പാലിയാണ: വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ കക്കടവ് പാലം വഴി ബന്ധിപ്പിക്കുന്ന തരുവണ- പാലിയാണ-കക്കടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമായില്ല. തരുവണ-കക്കടവ് വെണ്ണിയോട്-കോട്ടത്തറ-മുണ്ടേരി-കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് റോഡിന്റെ ദുരവസ്ഥ മൂലം നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസവും രാവിലെ ഒരുതവണ കക്കടവിലേക്ക് സർവീസ് നടത്തുന്ന കഐസ്ആർടിസി ബസ് മുണ്ടക്കുറ്റിയിലേക്ക് നീട്ടണമെന്ന് ആവശ്യത്തിന് റോഡിന്റെ ശോച്യാവസ്ഥ നിമിത്തം പരിഗണന ലഭിക്കുന്നില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തരുവണ-കക്കടവ് റോഡ്. കക്കടവിൽ അഞ്ചു കോടി രൂപ ചെലവിൽ പാലം പണിതതോടെ റോഡ് വികസനം സാധ്യമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. അത് അസ്ഥാനത്തായി.
റോഡ് വികസനത്തിന് പഞ്ചായത്ത് ഭരണാധികാരികളെ ബസ് ഉടമകളും നാട്ടുകാരും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുന്നില്ല.റോഡിൽ പല സ്ഥലത്തും ആവശ്യത്തിന് വീതി ഇല്ല. മറ്റുവാഹനങ്ങൾക്കു സുഗമമായി അരികുകൊടുക്കാൻ കഴിയില്ല. മൂന്ന് മീറ്റർ ടാറിംഗ് ഒഴികെ ഭാഗങ്ങൾ കാടുമൂടിയിരിക്കയാണ്. എട്ടുമീറ്ററോളം വീതിയിൽ വികസിപ്പിക്കാവുന്നതാണ് റോഡ്. പാതയോടു ചേർന്നാണ് ജലവിതരണക്കുഴലുകൾ ഇടുന്നതിന് ആഴത്തിൽ ചാൽ എടുത്തത്. ഇത് അപകടങ്ങൾക്കു കാരണമാകുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ചാലിൽ കുടുങ്ങി.
റോഡ് വികസനത്തിൽ ഉത്തരവാദപ്പെട്ടർ കാട്ടുന്ന ഉദാസീനതയിൽ പാലിയാണ പൗരസമിതി പ്രതിഷേധിച്ചു. ബസ് സർവീസ് നിലയ്ക്കാതിരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. പി.വി. ജോസ് അധ്യക്ഷത വഹിച്ചു.