പരിസരത്തെ തോട്ടം കൈയടക്കി വവ്വാലും കുരങ്ങും; വയോധിക കർഷകൻ വലയുന്നു
1482707
Thursday, November 28, 2024 5:35 AM IST
കൽപ്പറ്റ: വീടിനടുത്തുള്ള തോട്ടത്തിലെ മരങ്ങൾ വവ്വാവുകളും കുരങ്ങുകളും താവളമാക്കിയത് വയോധിക കർഷകനു വിനയായി.
മുട്ടിൽ പഞ്ചായത്തിലെ ചെലഞ്ഞിച്ചാലിനു സമീപം താമസിക്കുന്ന പാറേപ്പറന്പിൽ ജോസഫിനെയാണ് വവ്വാൽ, കുരങ്ങുശല്യം അലട്ടുന്നത്. ജോസഫിന്റെ വീടിനടുത്ത് സ്വകാര്യ കൈവശത്തിലുള്ള സ്ഥലത്തെ കോളി, അയനി മരങ്ങളും കമുകുകളുമാണ് വവ്വാലുകളെയും കുരങ്ങുകളെയും ആകർഷിക്കുന്നത്. ഈ ജീവികളുടെ കൂട്ടം തന്റെയും കുടുംബത്തിന്റെയും സ്വൈരജീവിതം തകർക്കുകയാണെന്ന് 88 കാരനായ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂറ്റൻ മരങ്ങളുടെ ചോലയും പ്രശ്നം സൃഷ്ടിക്കുകയാണ്.
വ്യാപാരിയുടെ കൈവശത്തിലാണ് ജോസഫിന്റെ വീടിനടുത്തുള്ള ഭൂമി. ഇതിലുള്ളതിൽ കോളിയും അയനിയും ഉൾപ്പെടെ പത്തോളം മരങ്ങൾ മുറിച്ചുനീക്കിയാൽ കുരങ്ങ്, വവ്വാൽ ശല്യത്തിനും ചോലപ്രശ്നത്തിനും പരിഹാരമാകും. മരങ്ങൾ മുറിക്കുന്നതിന് സ്ഥലം ഉടമയോടു പലവട്ടം ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടർന്നു പഞ്ചായത്ത്, വില്ലേജ് അധികാരികൾക്കും മുഖ്യമന്ത്രി, കളക്ടർ എന്നിവർക്കും നൽകിയ പരാതികൾ ഫലം ചെയ്തില്ല. പഞ്ചായത്ത് അധികൃതർ നോട്ടീസ് അയച്ചെങ്കിലും സ്ഥലം ഉടമ പുല്ലുവില കൽപിച്ചില്ല. പ്രശ്ന പരിഹാരത്തിനു ഇനി ആരെ സമീപിക്കുമെന്ന ഖിന്നതയിലാണ് താനെന്ന് ജോസഫ് പറഞ്ഞു.