സൗത്ത് ഇന്ത്യൻ സിനിമ, ടെലിവിഷൻ അക്കാദമി അവാർഡ് ഷിനു വയനാട് ഏറ്റുവാങ്ങി
1482706
Thursday, November 28, 2024 5:35 AM IST
കൽപ്പറ്റ: മികച്ച ഗായകനുള്ള സൗത്ത് ഇന്ത്യൻ സിനിമ, ടെലിവിഷൻ അക്കാദമി അവാർഡ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ഷിനു വയനാട് ഏറ്റുവാങ്ങി.
"അച്ഛന്റെ ഓർമകൾ’ എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിലെ ആലാപനമാണ് ഷിനുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വാളാട് മടത്താശേരി പാപ്പച്ചൻ-ഏലിയാമ്മ ദന്പതികളുടെ മകനാണ് ഷിനു. ഭാര്യ ജിനിയും എനോഷ്, ആഷ്മിൻ, ഐറിൻ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. മികച്ച ഗായകനുള്ള നെടുമുടി വേണു പുരസ്കാരവും സംഗീത സംവിധാനത്തിനു മീഡിയ സിറ്റി പുരസ്കാരവും ഷിനുവിന് ലഭിച്ചിട്ടുണ്ട്. ഇതിനകം നൂറിലധികം ആൽബം ഗാനങ്ങൾ ഷിനു ആലപിച്ചിട്ടുണ്ട്.
മൂന്നു സിനിമകൾക്കുവേണ്ടിയും പാടി. ശാലോം ടിവി, ഗുഡ്നെസ് ടിവി പ്രോഗ്രാമുകളിലും പാടിയിട്ടുണ്ട്. ദാവീദിന്റെ കിന്നരങ്ങൾ എന്ന റിയാലിറ്റി ഷോയിൽ സോളോ പെർഫോമൻസിന് ഫോർ സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. ഇത് പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ "സിംഗ് ഇന്ത്യ’യിലേക്ക് വഴി തുറന്നു.
റേഡിയോ മാറ്റൊലിക്കുവേണ്ടി ഷിനു ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മിഷൻ ലീഗ്, കെസിവൈഎം രൂപത, സംസ്ഥാന കലാമത്സരങ്ങളിൽ വർഷങ്ങളോളം തുടർച്ചയായി സമ്മാനം നേടിയിട്ടുണ്ട്. ജെറി അമൽദേവ്, പീറ്റർ ചേരാനെല്ലൂർ, ജോജി ജോണ്‍സ് തുടങ്ങിയവർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ സംഗീത ഭൂഷണം പാസായ ഷിനു ആലപിച്ചിട്ടുണ്ട്. ഗായകൻ എം.ജി. ശ്രീകുമാറിന്റെ സഹോദരി ഡോ.ഓമനക്കുട്ടി, സംഗീത സംവിധായകൻ ജെറി അമൽദേവ്, സിറിയക് ടി. സൈമണ്‍ തുടങ്ങിയവരാണ് സംഗീത രംഗത്ത് ഷിനുവിന്റ ഗുരുനാഥർ.