മുണ്ടക്കൈ, ചൂരൽമല പുനരധിവാസം; ഉദ്യോഗസ്ഥരുടെ അഭാവമില്ല
1467058
Thursday, November 7, 2024 12:58 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
എഡിഎമ്മിന്റെയും ജൂണിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ യഥാക്രമം ഡെപ്യൂട്ടി കളക്ടർ (എൽആർ), ജൂണിയർ സൂപ്രണ്ട് (എം) വിഭാഗം എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് കളക്ട്രേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. ദുരിത ബാധിതർക്കായി ഇവിടെ 18002330221 എന്ന ടോൾ ഫ്രീ നന്പറും സജ്ജമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപെട്ട് രക്ഷപ്രവർത്തനങ്ങളും ദുരന്ത ബാധിതരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപ്പാക്കിയിരുന്നു.
നിലവിൽ 773 കുടുംബങ്ങളെ വാടക വീടുകളിലും 64 കുടുംബങ്ങളെ സർക്കാർ ക്വാർട്ടേഴ്സുകളിലുമാണ് താത്കാലികമായി പുനരധിവസിപ്പിച്ചത്. അർഹരായവർക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്തു വരികയാണ്. ദുരന്തബാധിർക്ക് അടിയന്തര ധനസഹായം, മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള സഹായം, മൃതദേഹംസംസ്കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവർക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാന്പുകൾ നടത്തി. ആധാർ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആർസി, വിവാഹ സർട്ടിഫിക്കറ്റ്, ആധാരം, പാൻ കാർഡ്, മരണ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, സ്കൂൾ രേഖകൾ, പാസ്പോർട്ട്, ആധാരം തുടങ്ങിയ രേഖകൾ വീണ്ടെടുത്ത് നൽകി. കണ്ടെടുത്ത മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎൻഎ സാന്പിൾ ക്രോസ് ചെക്കിംഗിലൂടെ കാണാതായ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ദുരന്തബാധിരായവരുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ഗുണഭോക്താക്കളുടെ തയാറാക്കിയ കരട് പട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ദുരന്തബാധിതർക്കായി ഉപജീവന സഹായം, പോഷക ആവശ്യകതകൾ, നൈപുണ്യ പരിശീലനം, ആരോഗ്യം, സാമൂഹിക സുരക്ഷ, പാർപ്പിടം, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, പ്രത്യേക വിഭാഗത്തിന്റെ ആവശ്യങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾ വിലയിരുത്തുന്നതിന് മൈക്രോ പ്ലാൻ സർവേ നടത്തിയിട്ടുണ്ട്. ദുരിതബാധിതരുടെ വിവിധ ഇൻഷ്വറൻസ് ക്ലെയിമുകൾ തീർപ്പാക്കാൻ ഇൻഷ്വറൻസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും യോഗങ്ങൾ നടത്തുകയും ക്ലെയിമുകൾ തീർപ്പാക്കുകയും ചെയ്തു. ദുരിതബാധിതരുടെ വായ്പാ വിവരങ്ങൾ ശേഖരിക്കുന്നതിനായി ലോണ്‍ ഡാറ്റ ക്യാന്പ് നടത്തിയതായും പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.