നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ: പ്രതീക്ഷ നൽകി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
1466309
Monday, November 4, 2024 1:13 AM IST
കൽപ്പറ്റ: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി കോഴിക്കോട് നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, അഡ്വ.ജോസ് തണ്ണിക്കോട്, പോൾ മാത്യൂസ്, സി. അബ്ദുൽ റസാഖ്, വിഷ്ണു വേണുഗോപാൽ എന്നിവരാണ് മന്ത്രിയെ കണ്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ കൂടെ ഉണ്ടായിരുന്നു.
നിലന്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിയതാണ്. കേരള, കർണാടക സർക്കാരുകളുടെ സഹകരണവും പദ്ധതി യാഥാർഥ്യമാകുന്നതിനു വേണം.
പദ്ധതിയുടെ ഡിപിആർ തയാറാക്കൽ അന്തിമഘട്ടത്തിലാണ്. ബന്ദിപ്പുര വനത്തിൽ ദേശീയപാതയും റെയിൽവേയും ഒരേ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതിൽ ദേശീയപാത വിഭാഗത്തിനും റെയിൽ മന്ത്രാലയത്തിനും യോജിപ്പാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.