ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
1537611
Saturday, March 29, 2025 5:26 AM IST
ലഹരിക്കെതിരേ "എന്റെ ഗോൾ’ ആയിരം കേന്ദ്രങ്ങളിൽ
മലപ്പുറം: നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്ന് ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിൻമയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലഹരിക്കെതിരേ എന്റെ ഗോൾ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എംഎസ്പിഎച്ച്എസ്എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ "ലഹരിക്കെതിരെ എന്റെ ഗോൾ’ പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാന്പ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാകണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി യാത്ര സംഘടിപ്പിക്കും. ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയിൽ ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരക്കും.
ജില്ലാ കളക്ടർ വി.ആർ.വിനോദ്, എംഎസ്പി കമാൻഡന്റ് എ.എസ്. രാജു എന്നിവർ മുഖ്യാതിഥികളായിരുന്നു. എഡിഎം എൻ.എം. മെഹറലി, പ്രസ് ക്ലബ് പ്രസിഡന്റ് എം. മഹേഷ് കുമാർ, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എ. ശ്രീകുമാർ, എംഎസ്പി അസിസ്റ്റന്റ് കമാഡന്റ് പി. ഹബീബു റഹിമാൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എക്സിക്യുട്ടീവ് മെന്പർമാരായ കെ. മനോഹരകുമാർ,
സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. അബ്ദുൾ നാസർ, എംഎസ്പിഎച്ച്എസ്എസ് പ്രിൻസിപ്പൽ രേഖ മേലയിൽ, ഹെഡ്മിസ്ട്രസ് സീത, മഞ്ചേരി എക്സൈസ് സിഐ ലിജീഷ്, ഡിഎംഒ ടെക്നിക്കൽ അസിസ്റ്റന്റ് എം. ഷാഹുൽ ഹമീദ്, എംഎസ്പി സ്കൂൾ പിടിഎ പ്രസിഡന്റ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, സെക്രട്ടറി വി.ആർ. അർജുൻ, ട്രോമാ കെയർ പ്രവർത്തകർ, മലപ്പുറം ഡോട്ട് അക്കാഡമി കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.