എന്റെ കേരളം പ്രദർശന, വിപണന മേള മേയ് ഏഴ് മുതൽ 13 വരെ
1537622
Saturday, March 29, 2025 5:37 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന, വിപണന മേള മേയ് ഏഴ് മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിൽ നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം മേയ് 12 ന് രാവിലെ 10.30 മുതൽ 12.30 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലും നടക്കും.
പരിപാടിയുടെ വിജയത്തിനായി കായിക മന്ത്രി വി. അബ്ദുറഹിമാൻ ചെയർമാനും ജില്ലാ കളക്ടർ വി.ആർ. വിനോദ് ജനറൽ കണ്‍വീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം നഗരസഭാ ചെയർമാൻ, തദ്ദേശ സ്ഥാപന അധ്യക്ഷരുടെ പ്രതിനിധികൾ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘാടക സമിതി അംഗങ്ങളാണ്. കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ ആസൂത്രണസമിതി കോണ്‍ഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ പി. നന്ദകുമാർ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, എഡിഎം എൻ.എം. മെഹറലി, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. അൻവർ സാദത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.