യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
1538294
Monday, March 31, 2025 5:45 AM IST
നിലന്പൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്പത് കളവ് കേസുകളിലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ നിലന്പൂർ മന്പാട് കോളജ് റോഡിന് സമീപത്തെ പത്തായക്കടവൻ മുഹമ്മദ് ഷെബീബി(43)നെ കാപ്പ നിയമ പ്രകാരം നിലന്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. കാപ്പ ചുമത്തി തൃശൂർ ഡിഐജി ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഷെബീബിന് വിലക്കേർപ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിച്ചതിന് വീണ്ടും അറസ്റ്റിലായി.
തുടർന്ന് ജില്ലയിലെ പ്രവേശന വിലക്കിന്റെ കാലാവധി കഴിഞ്ഞശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അഞ്ച് മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ അറസ്റ്റിലായി റിമാഡിൽ കഴിയുന്പോഴാണ് നിലന്പൂർ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം കാപ്പ നിയമ പ്രകാരം അറസ്റ്റിലായത്.
നിലന്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫ് പെരിന്തൽമണ്ണ സബ് ജയിലിൽ വച്ചാണ് ഷെബീബിനെ അറസ്റ്റ് ചെയ്തത്. ഷെബീബിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.