വിജ്ഞാന കേരളം കാന്പയിന് ജില്ലയിൽ തുടക്കം
1537865
Sunday, March 30, 2025 5:36 AM IST
മലപ്പുറം: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തങ്ങളുടെ യോഗ്യതക്ക് അനുസൃതമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "വിജ്ഞാനകേരളം' ജനകീയ കാന്പയിന് ജില്ലയിൽ തുടക്കം. പദ്ധതി ജില്ലയിൽ വിജയകരമാക്കാൻ മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
"വിജ്ഞാന കേരളം' ഉപദേശകൻ മുൻ മന്ത്രി ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. കാന്പയിൻ വിജയത്തിനായി മന്ത്രി അധ്യക്ഷനായി ജില്ലാ സമിതി രൂപീകരിച്ചു. ജില്ലാതല സമിതി രൂപീകരണ യോഗത്തിൽ എംഎൽഎമാരായ പി. ഉബൈദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) ചേർന്ന് നടപ്പ് അധ്യായന വർഷത്തിൽ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25,000 വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം നൽകാനും അതുവഴി തൊഴിൽ സജ്ജമാക്കാനുമാണ് ലക്ഷ്യമിടുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് പ്രത്യേക തൊഴിൽ പരിശീലനം പദ്ധതിയുടെ ഭാഗമായി നൽകും.
ജില്ലാ കൗൺസിലിന്റെ കീഴിൽ എംഎൽഎമാർ അധ്യക്ഷരായി നിയോജക മണ്ഡലത്തിലും സമിതികൾ രൂപീകരിക്കും. എല്ലാ കോളജുകളിലും പ്രത്യേക സമിതി രൂപീകരിച്ച് പദ്ധതികൾ നടപ്പാക്കും. ജൂൺ മാസത്തിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ച് ജോലി ലഭ്യമാക്കും. സംസ്ഥാനത്തിനകത്തും പുറത്തമുള്ള സ്ഥാപനങ്ങൾ പങ്കെടുക്കുന്ന രീതിയിലാണ് തൊഴിൽ മേള ആസൂത്രണം ചെയ്യുന്നത്.
നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ കോഴ്സുകൾ, സോഫ്റ്റ് സ്കിൽ വർധിപ്പിക്കാനായുള്ള വർക്ക് റെഡിൻസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.