കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1537875
Sunday, March 30, 2025 5:38 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കുട്ടികളുടെ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച ശുചിത്വ വിളംബര ജാഥ കിഴക്കേത്തല ബസ് സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്നു നടന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ടീച്ചർ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ലത്തീഫ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
കെ. ശ്രീധരൻ ശുചിത്വ സന്ദേശപ്രഭാഷണം നടത്തി. ടി.കെ. ഉമ്മർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജീൻസ്, പഞ്ചായത്ത് സെക്രട്ടറി അസീന ചെറുപള്ളിക്കൽ എന്നിവർ സംസാരിച്ചു.
ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, ഹരിതസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, ആശാവർക്കർമാർ , വ്യാപാരികൾ, യുവജന സംഘടനകൾ, യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.