മലപ്പുറത്ത് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല
1537620
Saturday, March 29, 2025 5:26 AM IST
മലപ്പുറം: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ "എന്റെ സ്വപ്നം ലഹരി മുക്തം എന്റെ ഗ്രാമം’ എന്ന കാന്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം സിവിൽ സ്റ്റേഷൻ സമീപത്ത് നടന്ന പരിപാടിയിൽ നൂറുക്കണക്കിനാളുകൾ ചങ്ങലയിൽ അണിനിരന്നു.
ലഹരി നിർമാജനം ലക്ഷ്യമിട്ട് ഒക്ടോബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന കാന്പയിനാണ് തുടക്കമായത്. അഭിഭാഷകർ, അഭിഭാഷക ക്ലാർക്കുമാർ, ബാർ അസോസിയേഷൻ അംഗങ്ങൾ, പാരാ ലീഗൽ വോളണ്ടിയർമാർ, എൻഎസ്എസ്, എസ്പിസി, ട്രോമാകെയർ പ്രവർത്തകർ എന്നിവർ മനുഷ്യച്ചങ്ങലയിൽ അണിനിരന്നു. പ്രിയദർശിനി ആർട്സ് ആൻഡ് കോളജിന്റെ തീം ഡാൻസും എളയൂർ എംഎഒ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ മൈമും ശ്രദ്ധേയമായി.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ കെ. സനിൽകുമാർ അധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജ് അരുണ്‍, എംഎൽഎമാരായ പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, പി. നന്ദകുമാർ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സ്വാമി ജിതാത്മാനന്ദ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക തുടങ്ങിയവർ പ്രസംഗിച്ചു.