പെരിന്തൽമണ്ണയിൽ പട്ടയ അസംബ്ലി
1537615
Saturday, March 29, 2025 5:26 AM IST
പെരിന്തൽമണ്ണ: "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യവുമായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ പട്ടയ അസംബ്ലികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ പട്ടയ അസംബ്ലി നജീബ് കാന്തപുരം എംഎഎൽഎ ഉദ്ഘാടനം ചെയ്തു. കൈവശ ഭൂമിക്ക് രേഖകളില്ലാത്ത ഒട്ടനവധി കുടുംബങ്ങൾ നാട്ടിലുണ്ടെന്നും അവർക്കെല്ലാം രേഖ ലഭ്യമാക്കുക എന്നുള്ളത് വലിയ കാര്യമാണെന്നും എംഎൽഎ പറഞ്ഞു.
പെരിന്തൽമണ്ണ മണ്ഡലത്തിൽ ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ കൈവശക്കാരെയും കണ്ടെത്തി അവർക്ക് പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ വില്ലേജുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഭൂരഹിതരെയും കൈവശ രേഖയില്ലാത്തവരെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്ത് ഏപ്രിൽ 15 നകം വില്ലേജ് ഓഫീസർക്ക് നൽകും. വില്ലേജ് ഓഫീസർ സമയബന്ധിതമായി അന്വേഷണം നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകുന്നതിനും തഹസിൽദാർ പ്രസ്തുത റിപ്പോർട്ട് പട്ടയം ലഭിക്കേണ്ട ഓഫീസുകളിലേക്ക് കൈമാറുന്നതിനും യോഗത്തിൽ തീരുമാനമായി.
ജൂണ് 30നകം പട്ടയം ഇല്ലാത്ത മുഴുവൻ ആളുകൾക്കും രേഖ ലഭ്യമാക്കുന്നതിന് കർമ പദ്ധതികൾ ആവിഷ്കരിക്കും. യോഗത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
സബ് കളക്ടർ അപൂർവ ത്രിപാഠി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കബീർ, എഡിഎം എൻ.എം. മെഹറലി, തഹസിൽദാർ എ.വേണുഗോപാൽ, വിവിധ പഞ്ചായത്ത് മെന്പർമാർ, വില്ലേജ് ഓഫീസർമാർ, ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.