പൊതുവിദ്യാലയത്തിന് പുതുവഴികൾ വെട്ടിതെളിയിച്ച ജെസി ടീച്ചർ ഇന്ന് പടിയിറങ്ങുന്നു
1538290
Monday, March 31, 2025 5:45 AM IST
പൊന്നാനി: അടച്ചുപൂട്ടലിന്റെയും തകർച്ചയുടെയും വക്കിലെത്തിയ പൊതുവിദ്യാലയങ്ങൾക്ക് പുതുവഴികൾ വെട്ടിതെളിയിച്ച് മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് നേതൃത്വം നൽകിയ പുതുപൊന്നാനി ഗവണ്മെന്റ് ഫിഷറീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക വി.ജെ. ജെസി ഇന്ന് സർവീസിൽനിന്ന് വിരമിക്കുന്നു.
മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപക ജീവിതത്തിൽ മൂന്നു പതിറ്റാണ്ടോളം പൊന്നാനി ഉപജില്ലയിലെ തീരദേശ മേഖലയായ പുതുപൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയവും മാതൃകയുമായ വിദ്യാലയങ്ങളാക്കി മാറ്റുന്നതിന് നേതൃത്വം നൽകി.
1993 ജൂലൈ 19ന് എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി ജിയുപി സ്കൂളിലാണ് പ്രൈമറി അധ്യാപികയായി ജെസി സർക്കാർ സർവീസിൽ കയറുന്നത്. പിന്നീട് 1996 ഓഗസ്റ്റിൽ വെളിയങ്കോട് ഗവണ്മെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപികയായെത്തി. 2016 വരെ തുടർന്നു. പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് 2016 ജൂണ്‍ മൂന്നിന് നന്നംമുക്ക് പഞ്ചായത്തിലെ വടക്കുമുറി ജിഎംഎൽപി സ്കൂളിൽ ചുമതലയേറ്റു.
വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയുമായി കേസിലായതിനാൽ സ്കൂളിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലേക്ക് നേരിടുന്ന സ്ഥിതിയായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ വടക്കുമുറി സ്കൂളിൽ അക്കാഡമികമായും ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി.
ഏറെക്കാലം അധ്യാപികയായി സേവനം ചെയ്ത വെളിയങ്കോട് ഫിഷറീസ് സ്കൂളിലേക്ക് 2017 ജൂണ്‍ മൂന്നിന് പ്രധാനാധ്യാപികയായി തിരിച്ചെത്തി. ക്ലാസ് ഡിവിഷനുകൾ കുറഞ്ഞ് 79 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്പോഴായിരുന്നു ജെസി ടീച്ചറെത്തിയത്. ഫിഷറീസ് വകുപ്പിൽ നിന്ന് സ്കൂളിനായി ഒന്നേകാൽ ഏക്കർ ഭൂമി വിട്ടുകിട്ടുന്നതിന് ഒറ്റയാൾ പോരാട്ടം നടത്തി. തുടർന്ന് 2018 -ഫെബ്രുവരിയിൽ പൊതുജന പങ്കളിത്തത്തോടെ സ്കൂൾ വികസന സമിതിക്ക് രൂപം നൽകി. പിന്നീട് വെളിയങ്കോട് ഗവണ്മെന്റ് ഫിഷറീസ് എൽപി സ്കൂൾ ജെസി ടീച്ചറുടെ നേതൃത്വത്തിൽ വികസന കുതിപ്പിൽ മുന്നേറുകയായിരുന്നു.
2018 -20 കാലയളവിൽ തീരദേശത്തെ ശീതീകരിച്ച ക്ലാസ് മുറികളുള്ള സംസ്ഥാനത്തെ ആദ്യത്തെ ഫിഷറീസ് സ്കൂൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ "പ്ലേ ഫോർ ഹെൽത്ത്’ പദ്ധതിക്കായി സംസ്ഥാനത്തെ ഇരുപത് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ ഒന്നായി സ്കൂൾ മാറി. 79 വിദ്യാർഥികളിൽ നിന്ന് 205 വിദ്യാർഥികൾക്കായി ഉയർന്നു.
പുതിയ ഡിവിഷനുകൾ പുതിയ അധ്യാപക തസ്തികകൾ എന്നിവയും സൃഷ്ടിക്കാനായി. "നീർമാതളം’ ജൈവ വൈവിധ്യ ഉദ്യാനം ഉൾപ്പെടെ സ്കൂളിന്റെ ഭൗതിക സാഹചര്യം അടിമുടി മാറ്റിയെടുത്തു. എൽഎസ്എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലും അക്കാഡമിക് രംഗത്തും ജെസി ടീച്ചറുടെ മികവിൽ വലിയ കുതിപ്പുണ്ടാക്കി.
തൃശൂർ ജില്ലയിലെ കണ്ടശാംകടവ് പരേതരായ വലിക്കുടത്ത് ജേക്കബ് -ത്രേസ്യ ദന്പതിമാരുടെ മകളാണ്. നിലവിൽ ചാവക്കാട് പാലയൂരിലാണ് കുടുംബവുമൊത്ത് താമസം.