കരുവാരകുണ്ടിൽ ലഹരി വിരുദ്ധ ബോധവത്കരണ ജ്വാല ഇന്ന്
1537619
Saturday, March 29, 2025 5:26 AM IST
കരുവാരകുണ്ട്: ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുമായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. "കാവൽ’ എന്ന പേരിലുള്ള കാന്പയിന്റെ പ്രഖ്യാപനവും ലഹരി വിരുദ്ധ ജ്വാലയും ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് വി.എസ്. പൊന്നമ്മയും വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാത്രി എട്ടിന് കിഴക്കേത്തലയിൽ നടക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ മാസത്തിൽ പഞ്ചായത്ത് തല ജാഗ്രത സമിതിയുണ്ടാക്കും. ഗ്രാമസഭകൾ ചേർന്ന് വാർഡ് തലങ്ങളിൽ ജാഗ്രതാ സമിതികളും വാർഡിൽ കുടുംബങ്ങളുടെ ക്ലസ്റ്റർ ഗ്രൂപ്പുകളും രൂപീകരിക്കും. ഇവയുടെ നേതൃത്വത്തിൽ മേയ് ഒന്ന് മുതൽ 2026 മാർച്ച് 30 വരെയുള്ള കാലയളവിൽ വിവിധ കർമ പദ്ധതികൾ നടപ്പാക്കും. പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന കാന്പയിനിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കും.
വ്യാപാരികൾ, ആരാധനാലയ ഭാരവാഹികൾ എന്നിവരുടെ സഹായവും തേടും. ലഹരിക്കെതിരേ ബോധവത്കരണം, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, രാത്രി 12ന് ശേഷം കടകൾ പൂർണമായും അടച്ചിടൽ, ലഹരി ഇരകൾക്ക് പുനരധിവാസ പാക്കേജ് തുടങ്ങിയവ നടപ്പാക്കും. വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.
വാർത്താസമ്മേളനത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. ഉമ്മർ, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ നുഹ്മാൻ പാറമ്മൽ, വി.സി. ഉണ്ണികൃഷ്ണൻ എന്നിവരും സംബന്ധിച്ചു.