അങ്ങാടിപ്പുറം പൂരം: വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി
1537872
Sunday, March 30, 2025 5:36 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ്കളക്ടറുടെ നിർദേശപ്രകാരം തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അങ്ങാടിപ്പുറം ക്ഷേത്ര പരിസരത്തെ കടകളിൽ റവന്യു, എക്സൈസ്, ആരോഗ്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി.
ഭക്ഷണത്തിൽ മായം ചേർക്കൽ തടയുക, ശുചിത്വം ഉറപ്പ് വരുത്തുക, മാലിന്യ സംസ്കരണം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുക എന്നീ കാര്യങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്. പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എം.കെ. സുനിൽ കുമാർ, എക്സൈസ് ഓഫീസർമാരായ സായ്നാഥ്, സുനിൽകുമാർ, ഷരീഫ്, രാജേഷ്, അങ്ങാടിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർ, പെരിന്തൽമണ്ണ ലീഗൽ മെട്രോളജി ഓഫീസർ എന്നിവർ പങ്കെടുത്തു.