അകന്പാടം മഹാഗണി തോട്ടത്തിൽ കാട്ടാന
1538272
Monday, March 31, 2025 5:14 AM IST
നിലന്പൂർ: അകന്പാടം മഹാഗണി തോട്ടത്തിലും കൃഷിയിടങ്ങളിലും പട്ടാപ്പകൽ കാട്ടാനയിറങ്ങി. പൊക്കോട്, മണ്ണുപ്പാടം, പൊയ്ലായി നിവാസികൾ ആശങ്കയിൽ. അകന്പാടം വനംസ്റ്റേഷൻ പരിധിയിലെ പൊക്കോട് ഭാഗത്തുള്ള മഹാഗണി തോട്ടത്തിലാണ് ഇന്നലെ ഉച്ചയോടെ പ്രദേശവാസികൾ കാട്ടാനയെ കണ്ടത്.
മഹാഗണി തോട്ടത്തിലൂടെ പോകുന്ന കാട്ടാനയുടെ ദൃശ്യം പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തി വനംവകുപ്പിനെ വിവരം അറിയിച്ചു. വനമേഖലയുടെ സമീപത്തെ കൃഷിയിടത്തിലൂടെ കാട്ടാന പോകുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്.
നിലവിൽ ആന വനത്തിലാണ് നിൽക്കുന്നതെങ്കിലും രാത്രിയോടെ ജനവാസ മേഖലയിലേക്ക് എത്തും. നിലന്പൂർ-നായാടംപൊയിൽ മലയോര പാതയോടെ ചേർന്ന് 500 മീറ്ററിനുള്ളിലാണ് കാട്ടാനയുള്ളത്. മണ്ണുപ്പാടം, മൈലാടി, പൊക്കോട് മേഖലയിൽ ഒരു മാസത്തിലേറെയായി കാട്ടാനശല്യം നേരിടുകയാണ്. കാട്ടാനകൾ വീടുകളുടെ ഗേറ്റുകളും മതിലുകളും തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.