പിക്കപ്പ്വാൻ വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് ഇടിച്ചുകയറി : കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1538273
Monday, March 31, 2025 5:14 AM IST
വണ്ടൂർ: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് ഇടിച്ചുകയറി. അപകട സമയത്ത് മുറ്റത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാണിയന്പലം വൈക്കോലങ്ങാടിയിലാണ് ഇന്നലെ രാവിലെ 10ന് അപകടമുണ്ടായത്.
പാൽ പാക്കറ്റുകളുമായി പോവുകയായിരുന്ന മിനി വാനാണ് കൂനാരി അബ്ദുൾ മജീദിന്റെ വീട്ടിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. സംഭവ സമയത്ത് അബ്ദുൾ മജീദിന്റെ മക്കളായ സുനീറിന്റെയും സമീറിന്റെയും നാലു മക്കളാണ് മുറ്റത്തുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ ഗേറ്റിനു മുൻവശം നിൽക്കുകയായിരുന്നു.
മറ്റു രണ്ടുപേർ വരാന്തയിൽ ഉണ്ടായിരുന്നു. ഈ സമയമാണ് വണ്ടൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്കപ്പ് വാൻ വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് ഇടിച്ചു കയറിയത്.
ഇതിനു തൊട്ടുമുന്‍പാണ് മുറ്റം വൃത്തിയാക്കുകയായിരുന്ന അബ്ദുൾ മജീദിന്റെ ഭാര്യ സുഹറ അകത്തേക്ക് കയറിപ്പോയത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഗേറ്റും മതിലും പൂർണമായും തകർന്നു.