കല്ലാമൂല, ചെങ്കോട് ബ്രിട്ടീഷ് പാലങ്ങൾ പൊളിച്ചു പണിയാൻ ടെൻഡറായി
1538291
Monday, March 31, 2025 5:45 AM IST
കാളികാവ്: കല്ലാമൂല, ചെങ്കോട് എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പാലങ്ങൾ പൊളിച്ച് പുതിയ പാലങ്ങൾ നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായി. കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിച്ച് പ്രവൃത്തി നടക്കുന്ന മലയോരപാതയിലെ രണ്ട് പാലങ്ങളുടെ നിർമാണത്തിനാണ് ടെൻഡർ നടപടിയായത്.
കാളികാവ്-കരുവാരകുണ്ട് റീച്ചിലെ ചെങ്കോട് പാലവും കാളികാവ്-പൂക്കോട്ടുംപാടം റീച്ചിലെ കല്ലാമൂല പാലവുമാണ് പുനർനിർമിക്കുന്നത്. ഇരുപാലങ്ങളുടെയും പുനർനിർമാണത്തിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ട്. ആറ് കോടി 54 ലക്ഷം രൂപക്ക് ടെൻഡർ ചെയ്തതായി എ.പി. അനിൽകുമാർ എംഎൽഎയാണ് അറിയിച്ചത്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച പാലം ജീർണിച്ച് വീതി കുറവായതിനാലാണ് പൊളിച്ച് പണിയേണ്ടി വരുന്നത്.
പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനു മാത്രമേ കടന്നുപോകാൻ കഴിയുമായിരുന്നുള്ളൂ. ചെങ്കോട് പാലത്തിന്റെ ഇരുഭാഗത്തും ഹൈവേ റോഡിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കല്ലാമൂല പാലത്തിലേക്കുള്ള റോഡ് നിർമാണം പുരോഗമിക്കുകയാണ്. ടെൻഡർ നടപടി പൂർത്തിയായതോടെ പാലങ്ങളുടെ നിർമാണ പ്രവൃത്തി വൈകില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.