റോഡ് നിര്‍മാണം ഇഴയുന്നു: രോഗങ്ങളാല്‍ വലഞ്ഞ് ചെമ്പന്‍കൊല്ലി നിവാസികള്‍
1537864
Sunday, March 30, 2025 5:36 AM IST
എടക്കര: ഒന്നര വര്‍ഷം പിന്നിട്ടിട്ടും റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചില്ല, ചെമ്പന്‍കൊല്ലിയില്‍ അന്തരീക്ഷ മലിനീകരണവും ഗുരുതരമായ രോഗങ്ങളാലും കുട്ടികളടക്കമുള്ള ആളുകള്‍ ദുരിതത്തില്‍. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി-കോടലിപ്പൊയില് റോഡാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി സഡക്ക് യേജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒന്നര വര്‍ഷം മുന്‍പ് റോഡ് പ്രവൃത്തി ആരംഭിച്ചത്. ഗതാഗത യോഗ്യമായിരുന്ന റോഡ് കുത്തിപ്പൊളിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പോലും യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പൊടിപടലങ്ങള്‍ ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളും വൃദ്ധരും രോഗികളായി തീര്‍ന്നിരിക്കുകയാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് നിരവധി ആളുകളാണ് നിത്യേന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കയറിയിറങ്ങുന്നത്. കരിങ്കല്ലിന്റെ പൊടി സ്ഥിരമായി ശ്വസിക്കുന്നത്കൊണ്ടാണ് അലര്‍ജി രോഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ് കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
അന്തരീക്ഷ മലിനീകരണംമൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കണ്ടില്ലങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.