റോബോട്ടുകളെ നിർമിച്ച് കുട്ടികളുടെ മികവുത്സവം
1537612
Saturday, March 29, 2025 5:26 AM IST
അങ്ങാടിപ്പുറം: ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് തെഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ മികവുത്സവം "റോബോ ഫെസ്റ്റ് 25' അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളജിൽ സംഘടിപ്പിച്ചു. മലപ്പുറം കൈറ്റ് ജില്ലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോളിടെക്നിക് ഇലക്ട്രോണിക് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് നടത്തിയ മികവുത്സവം എഡിഎം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു.
കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. കൈറ്റ് സിഇഒ അൻവർ സാദത്ത്, പ്രിൻസിപ്പൽ സജീവ്, അബ്ദുൾ റഷീദ്, മഹേഷ്, പ്രവീണ്‍കുമാർ എന്നിവർ പ്രസംഗിച്ചു. റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകളെക്കുറിച്ച് മാസ്റ്റർ ട്രെയിനർ സി.കെ. ഷാജി ക്ലാസെടുത്തു.
കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മികവുത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 റോബോട്ടിക് പ്രോജക്ടുകളും 20 അനിമേഷൻ പ്രോജക്ടുകളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
അതോടൊപ്പം നിലവിലെ പോളിടെക്നിക് വിദ്യാർഥിയും മുൻ ലിറ്റിൽ കൈറ്റ്സ് അംഗവുമായ അഫ്നാൻ യൂസഫിന്റെ നേതൃത്വത്തിൽ പോളിടെക്നിക് ഇലട്രോണിക്സ് വിഭാഗം അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടും ശ്രദ്ധ ആകർഷിച്ചു. മനുഷ്യനിർമിത റോബോട്ട് കൈക്കൊടുത്താണ് അതിഥികളെ സ്വീകരിച്ചത്.