കുടിവെള്ള ക്ഷാമം നേരിടുന്പോൾ റോഡിലൂടെ ജലം പാഴാകുന്നു
1538292
Monday, March 31, 2025 5:45 AM IST
വാണിയന്പലം: കനത്ത വരൾച്ചയെ തുടർന്ന് ദാഹജലത്തിനായി ജനം നെട്ടോട്ടമോടുന്പോഴും രാപ്പകൽ വ്യത്യാസമില്ലാതെ ആറ് മാസത്തോളമായി കുടിവെള്ളം റോഡിലൂടെ ഒഴുക്കിക്കളയുകയാണ് ജല അഥോറിറ്റി. വിളിച്ചാൽ ഇതുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർ ഫോണ് എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വാണിയന്പലം അമരന്പലം റോഡിൽ വാണിയന്പലം മുതൽ അത്താണി വരെ ഏഴിടങ്ങളിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.
മാട്ടക്കുളം അങ്ങാടിയിൽ വാണിയന്പലംപാറ ത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിലേക്കുള്ള റോഡിനു മുൻവശത്തായാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. ജല അഥോറിറ്റി ഈ രീതിയിൽ ശുദ്ധജലം ഒഴുക്കി കളയാൻ തുടങ്ങിയിട്ട് ആറുമാസത്തിലധികമായെന്നും നാട്ടുകാർ ആരോപിക്കുന്നു.
അസിസ്റ്റന്റ് എൻജിനിയറോട് പലതവണ പറഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും വിളിച്ചാൽ ഫോണ് എടുക്കുന്നില്ലെന്നും വാർഡ് മെന്പർ എം. ദസാബുദ്ദീൻ ചൂണ്ടിക്കാട്ടി. ജല അഥോറിറ്റിയുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാണ്.