പ്രകൃതിക്ഷോഭവും കാട്ടുമൃഗശല്യവും : വിളനാശത്തിനുള്ള നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് കർഷകർ
1538271
Monday, March 31, 2025 5:14 AM IST
മാണി താഴത്തേൽ
കരുവാരകുണ്ട്: പ്രകൃതിക്ഷോഭവും കാട്ടുമൃഗശല്യവും മൂലം വിളനാശം സംഭവിക്കുന്ന കൃഷിക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് കാര്യക്ഷമമല്ലെന്ന് പരാതി. മഴ, കാറ്റ്, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങി വിവിധ തരത്തിലുള്ള നാശങ്ങൾ കാരണമായി കൃഷിക്കാർക്കുണ്ടാകുന്ന വലിയ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭിക്കുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലയോര മേഖലയിൽ അനുഭവപ്പെട്ട കാറ്റിൽ വിളവെടുക്കാൻ പാകമായ ആയിരക്കണക്കിന് വാഴകൾ നശിച്ചിരുന്നു. കൂടാതെ റബർ, തെങ്ങ്, കമുങ്ങ്, കൊക്കോ, ജാതി തുടങ്ങിയ നാണ്യവിളകളും വ്യാപകമായി നശിച്ചിരുന്നു. കാട്ടാന, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കലും പതിവാണ്.
വിവിധ തരത്തിലുള്ള രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ കൊണ്ടും വിളകൾ നശിക്കാറുണ്ട്. മിക്ക കാർഷിക വിളകൾക്കും ഇൻഷ്വറൻസ് എടുക്കാറുണ്ടെങ്കിലും നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഇത് തന്നെ കൃത്യമായി ലഭിക്കാറില്ല. രാവും പകലുമില്ലാതെയാണ് കർഷകർ കൃഷിയിടത്തിൽ അധ്വാനിക്കുന്നത്.
വന്യമൃഗശല്യം തടയാൻ സൗരോർജ വേലി ഉൾപ്പെടെ നിർമിക്കാനും സംരക്ഷണമൊരുക്കാനും വീണ്ടും പണം മുടക്കേണ്ടി വരും.
ജലസേചനം, വളം ചേർക്കൽ, കിടനാശിനി പ്രയോഗം, മറ്റു പരിപാലനങ്ങൾ തുടങ്ങിയവയ്ക്കായി വീണ്ടും പണം ചെലവഴിക്കണം. കഠിനമായ അധ്വാനവും കൃഷിക്ക് ആവശ്യമാണ്. വന്യമൃഗ ശല്യം തടയാൻ രാത്രിയിലും കൃഷിയിടത്തിൽ കാവലിരിക്കേണ്ടി വരാറുണ്ട്.
കഠിനാധ്വാനം ചെയ്തു വിളവെടുക്കാറാകുന്പോഴാണ് മിക്കപ്പോഴും കൃഷി നശിക്കുന്നത്. ഇൻഷ്വറൻസ് തുക വർധിപ്പിക്കുക, മതിയായ നഷ്ടപരിഹാരം നൽകുക, നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യുക, വന്യമൃഗശല്യം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുക, കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.