മലപ്പുറം നഗരസഭാ ബജറ്റ് : ‘നാന്പ്രാണി തടയണയും കോട്ടപ്പടി മാർക്കറ്റ് സമുച്ചയവും ഈ വർഷം പൂർത്തിയാക്കും’
1537617
Saturday, March 29, 2025 5:26 AM IST
മലപ്പുറം: മലപ്പുറം കടലുണ്ടിപ്പുഴയിലെ നാന്പ്രാണി തടയണയും കോട്ടപ്പടി മാർക്കറ്റ് സമുച്ചയവും ഈ വർഷം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് മലപ്പുറം നഗരസഭാ ബജറ്റ്. വിദ്യാഭ്യാസ,ആരോഗ്യ,ക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന ബജറ്റാണ് നഗരസഭാ ചെയർമാൻ മുജീബ് കാടേരിയുടെയും മെന്പർമാരുടെയും സാന്നിധ്യത്തിൽ വൈസ് ചെയർപേഴ്സണ് കൊന്നോല ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചത്.
52.88 കോടി രൂപ ചെലവും 66.21 കോടി രൂപ വരവും കണക്കാക്കുന്നതാണ് ബജറ്റ്. നാന്പ്രാണി തടയണ നിർമാണം, മലപ്പുറം കോട്ടപ്പടി മാർക്കറ്റ് സമുച്ചയം എന്നിവ കൂടാതെ ഷെൽട്ടർ ഹോം, ഷീ-സ്റ്റേ, ബയോ മൈനിംഗ് പദ്ധതി സമർപ്പണം, അഞ്ചീനിക്കുളം പൂർത്തീകരണം, 64 അങ്കണവാടികളെ എസി സൗകര്യമുള്ള സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുക, മുട്ടിപ്പടി സെൻട്രൽ ഹൈടെക് മോഡൽ സ്കൂൾ ഉദ്ഘാടനം, നഗരസഭ ഹൈടെക് പകൽവീട് നിർമാണം എന്നിവയും ഇക്കൊല്ലം ലക്ഷ്യമിടുന്നു.
നഗരസഭയിലെ മുഴുവൻ ജനങ്ങളെയും ഇ-ഹെൽത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്കായി ചങ്ക്സ് ഓട്ടോ ഇൻഷ്വറൻസ് പദ്ധതി, ആശാ വർക്കർമാർക്ക് 2500 രൂപ വരുമാനം, അപകട ഇൻഷ്വറൻസ് എന്നിവയ്ക്കായും തുക വകയിരുത്തിയിട്ടുണ്ട്. നാലും ഏഴും ക്ലാസ് വിദ്യാർഥികൾക്കായി "അരുത് നൊന്പരം’ പദ്ധതി, വയോജനങ്ങൾക്ക് "ഗോൾഡൻ ഏജ് ഗോൾഡൻ വൈബ്’ പദ്ധതി, നിറപുഞ്ചിരി കൃത്രിമ പല്ല് പദ്ധതി എന്നിവ ഉൾപ്പെടുന്നു.
ബാലസഭ ക്ലബുകൾക്ക് കളിയുപകരണങ്ങൾ നൽകുക, സന്പൂർണ ലഹരിവിമുക്ത പദ്ധതി നടപ്പാക്കുക, വിവിധ മേഖലയിലുള്ള തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ് ലഭ്യമാക്കുക, വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുക, വിദ്യാർഥികൾക്കും യുവാക്കൾക്കും കായിക പരിശീലനം നൽകുക എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ശ്രദ്ധേയമായ പദ്ധതികൾ.
താലൂക്ക് ആശുപത്രി, സർക്കാർ ആയുർവേദ ആശുപത്രി എന്നിവയുടെ കെട്ടിട നിർമാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജോബ് ഫെയർ നടത്താനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.