ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുണിന് ഐഎഎസ്
1537323
Friday, March 28, 2025 5:32 AM IST
മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന് ഐഎഎസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് നിയമിച്ചു കേന്ദ്ര സർക്കാർ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ സ്പെഷൽ ഓഫീസാറായും നിലവിൽ അരുണ് പ്രവർത്തിക്കുന്നുണ്ട്.
കോഴിക്കോട് ഡെന്റൽ കോളജിൽ അസോസിയറ്റ് പ്രഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടർ നിയമനം ലഭിച്ചത്. മെയിൻ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ രണ്ടാം റാങ്കുമായാണ് ഡെപ്യൂട്ടി കളക്ടർ പദവിയിലെത്തുന്നത്. കോഴിക്കോട്ടായിരുന്നു ആദ്യ നിയമനം.
പിന്നീട് മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ ആൻഡ് സബ് ഡിവിഷണൽ മാജിസ്ട്രേറ്റ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് തസ്തികകളിൽ ജോലി നോക്കി. സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള അവാർഡ് 2015, 2022 വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ വിശിഷ്ട സേവാ പുരസ്കാരവും ലഭിച്ചു.
മലപ്പുറം ജില്ലയിലെ ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ മാതൃകാപരമായി പൂർത്തീകരിച്ചു. ഇതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നു പ്രശംസാപത്രം ലഭിച്ചു. പിന്നീട് എറണാകുളം ജില്ലയിലെ ദേശീയപാത, മലപ്പുറം ജില്ലയിലെ ഗ്രീൻ ഫീൽഡ്പാത ഭൂമി ഏറ്റെടുക്കൽ എന്നിവ വിജയകരമായി പൂർത്തീകരിച്ചു.
ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന കോഴിക്കോട് വിമാനത്താവളം റെസ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലും അരുണിന്റെ നേതൃത്വത്തിലാണ് വിജയകരമായി പൂർത്തീകരിച്ചത്. റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായിരുന്ന പരേതനായ ഓമനക്കുട്ടന്റെയും മഞ്ചേരി ബോയ്സ് ഹൈസ്കൂൾ മുൻ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് പി.കെ. വനജാക്ഷിയുടെയും മകനാണ്.
ഭാര്യ ഡോ. വി. ബിനില നിലന്പൂർ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറാണ്. മക്കളായ ജിയ ജെ. അരുണും ജീവ് ജെ. അരുണും വിദ്യാർഥികളാണ്.