വിജ്ഞാനകേരളം പദ്ധതി; പെരിന്തൽമണ്ണയിൽ ജോബ് സ്റ്റേഷൻ
1538289
Monday, March 31, 2025 5:45 AM IST
പെരിന്തൽമണ്ണ: തൊഴിൽ അന്വേഷകരെ കാന്പയിനിലൂടെ കണ്ടെത്തി മൂന്നുലക്ഷം പേർക്ക് തൊഴിലും രണ്ട് ലക്ഷം വിദ്യാർഥികൾക്ക് നൈപുണ്യ വികസനവും നൽകുവാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കമായി. നഗരസഭ കോണ്‍ഫറൻസ് ഹാളിൽ നടന്ന ജോബ്സ്റ്റേഷന്റെ ഉദ്ഘാടനം മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ചു.
തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും പരസ്പരം ബന്ധപ്പെടുത്തുന്ന ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. 19 നും 59നും ഇടയ്ക്ക് പ്രായമുള്ള അഭ്യസ്തവിദ്യർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോം മുഖേന രജിസ്റ്റർ ചെയ്യാം.
നഗരസഭയിലെ 34 വാർഡുകളിലും കുടുംബശ്രീ എഡിഎസിന്റെയും തെരഞ്ഞെടുക്കുന്ന എൽആർപിമാരുടെയും നേതൃത്വത്തിൽ സർവേ നടത്തി ആവശ്യമുള്ളവരെ രജിസ്റ്റർ ചെയ്യും. തൊഴിൽദാതാക്കളും അവർക്ക് ആവശ്യമുള്ള തൊഴിലുകളുടെ യോഗ്യതയും തൊഴിൽ സ്ഥലവും ശന്പളവുമെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷിച്ചവരുടെ യോഗ്യതയും വിവരങ്ങളും പരിശോധിച്ചു അനുയോജ്യമെങ്കിൽ അഭിമുഖത്തിന് അവസരം നൽകും. അഭിമുഖം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നൽകും. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശീലനവും സാങ്കേതിക സൗകര്യങ്ങളും നഗരസഭ ഒരുക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അന്പിളി മനോജ്, മുണ്ടുമ്മൽ ഹനീഫ, മൻസൂർ നെച്ചിയിൽ,
നഗരസഭാ സെക്രട്ടറി ജി. മിത്രൻ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവറാൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ.ശ്രീധരൻ, ഡിആർപിമാരായ കിനാതിയിൽ സാലിഹ്, കെ.പി. ജയേന്ദ്രൻ, വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സിഡിഎസ് പ്രസിഡന്റ് വി.കെ. വിജയ തുടങ്ങിയവർ പ്രസംഗിച്ചു.