പെരിന്തൽമണ്ണ നഗരസഭാ ബജറ്റ് : സുസ്ഥിര വികസനത്തിനും പശ്ചാത്തല സൗകര്യത്തിനും പ്രാമുഖ്യം
1537613
Saturday, March 29, 2025 5:26 AM IST
പെരിന്തൽമണ്ണ: സുസ്ഥിര വികസനത്തിനും മികച്ച പശ്ചാത്തല സൗകര്യത്തിനും പ്രാമുഖ്യം നൽകി 2025-26 വർഷത്തെ പെരിന്തൽമണ്ണ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. 132.36 കോടി രൂപ വരവും 109.61 കോടി രൂപ ചെലവും 22.74 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സണ് എ. നസീറയാണ് അവതരിപ്പിച്ചത്.
ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ, ചേരി പരിഷ്കരണ, പാർപ്പിട പദ്ധതിക്ക് 1.6 കോടി രൂപ നീക്കിവച്ചു. പിഎംഎവൈ ലൈഫ് (ജനറൽ) പദ്ധതിക്ക് 1.3 കോടി രൂപയും പിഎംഎവൈ ലൈഫ് (എസ്സി) വിഭാഗത്തിന് 52 ലക്ഷം രൂപയും മൃഗസംരക്ഷണ ക്ഷീര വികസന മേഖലക്ക് 17.5 ലക്ഷവും തുക വകയിരുത്തി.
റോഡുകളുടെയും അഴുക്ക്ചാലുകളുടെയും നവീകരണത്തിന് രണ്ട് കോടി രൂപ വകയിരുത്തി. കൃഷി, ജലസംരക്ഷണ മേഖലക്ക് 37.50 ലക്ഷവും വകയിരുത്തി. സാമൂഹ്യനീതി വിഭാഗത്തിൽ അങ്കണവാടി പോഷകാഹാരം 65 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പ് 28 ലക്ഷം, വയോമിത്രം പദ്ധതിക്ക് 10 ലക്ഷവും ചെലവഴിക്കും. ആരോഗ്യ മേഖലക്ക് 41 ലക്ഷവും ശുചിത്വ മാലിന്യ സംസ്കരണത്തിന് 51 ലക്ഷം രൂപയും നീക്കിവച്ചു.
വിദ്യാഭ്യാസം കലാ, കായികം, യുവജനക്ഷേമ പദ്ധതികൾക്ക് 1.12 കോടി രൂപയാണ് മാറ്റിവച്ചത്. 10 ലക്ഷം രൂപ ചെലവിൽ കുമാരി സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കും. സാമൂഹ്യ സുരക്ഷാ രംഗത്തെ വികസനം ലക്ഷ്യമാക്കിയുള്ള "കെയർ ’ സംരംഭ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നെസ്റ്റ്, പശ്ചാത്തല വികസനം ലക്ഷ്യമാക്കി "ഫ്രെയിം’ ,
വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായുള്ള "ഷുവർ ’, ആരോഗ്യരംഗത്തെ അഭിവൃദ്ധിക്കായി "സുരക്ഷ’, കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ "സമൃദ്ധി’ തുടങ്ങി നഗരസഭ നടപ്പാക്കുന്ന മിഷനുകൾ പുതിയ വർഷത്തിലും തുടരും. പുതിയ സാന്പത്തിക വർഷം പെരിന്തൽമണ്ണയിൽ 10 ലക്ഷം രൂപ ചെലവിൽ ഗവണ്മെന്റ് ജിജിഎച്ച്എസിൽ ഇഎംഎസ് ഹെറിറ്റേജ് മ്യൂസിയം തുറക്കും.