നിലന്പൂർ ജില്ലാശുപത്രി പരിസരത്ത് കാട്ടാനയെത്തി
1538274
Monday, March 31, 2025 5:14 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി മുറ്റത്തേക്കും കാട്ടാനയെത്തി. നിലന്പൂർ മേഖലയിൽ കാട്ടാനകൾ സ്വൈര്യവിഹാരം നടത്തുന്നത് തടയാൻ വനം വകുപ്പിന് കഴിയാത്തതിൽ ജനങ്ങൾ ആശങ്കയിൽ.
നിലന്പൂർ ടൗണിനോട് ചേർന്നു കിടക്കുന്ന ജില്ലാ ആശുപത്രി പരിസരത്താണ് ഇന്നലെ പുലർച്ചെ കാട്ടാനയെത്തി കൃഷി നശിപ്പിച്ചത്. ജനങ്ങൾ തിങ്ങി പാർക്കുന്ന ആശുപത്രിക്കുന്ന്, കോവിലകത്തുമുറി ഭാഗങ്ങളിലാണ് കാട്ടാന കൃഷി നശിപ്പിച്ചത്. വീട്ടുമുറ്റങ്ങളിലേക്ക് കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ കാടു കയറ്റാൻ നടപടി സ്വീകരിക്കുന്നില്ല.
ഈ ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുത വേലികൾ തകർത്താണ് ആനകൾ എത്തുന്നത്. നിലന്പൂർ നഗരസഭ വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണൻ നിരവധി തവണ ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെ കണ്ട് കാട്ടാനകളെ കാടുകയറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
പത്തിലധികം കർഷകരുടെ കൃഷികളാണ് ഇന്നലെ കാട്ടാന നശിപ്പിച്ചത്. നിലന്പൂർ വനം കാര്യാലയത്തിന്റെ മൂക്കിന് താഴെയാണ് കാട്ടാനകളുടെ വിളയാട്ടം. നിലന്പൂർ ടൗണിൽ ഉൾപ്പെടെ ഏതു സമയത്തും കാട്ടാന ഇറങ്ങാവുന്ന സ്ഥിതിയിലാണ്. നഗരസഭ വൈസ് ചെയർ പേഴ്സണ് അരുമ ജയകൃഷ്ണൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാക്ഷൻ, സിപിഎം നിലന്പൂർ ലോക്കൽ സെക്രട്ടറി വെട്ടുമ്മൽ ശ്രീധരൻ എന്നിവർ ആശുപത്രി പരിസരത്തെ കൃഷിയിടങ്ങൾ സന്ദർശിച്ചു.