ചികിത്സാ ഫലത്തിന് കാത്തുനിൽക്കാതെ ഷൈജിത്ത് യാത്രയായി
1537322
Friday, March 28, 2025 5:32 AM IST
നിലന്പൂർ: ഒരു നാടൊന്നിച്ച് കൂടെ നിന്നെങ്കിലും ഗുണഫലമനുഭവിക്കാൻ കഴിയാതെ ഷൈജിത്ത് ഈ ലോകത്തോട് വിടപറഞ്ഞു. ഗുരുതരമായ രോഗം ബാധിച്ച് നാട്ടുകാരുടെയും സന്നദ്ധ സംഘടനകൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി നാനാ വിഭാഗം ആളുകളുടെ സഹായത്താൽ ചികിത്സ നടത്തിവരികയായിരുന്ന നിലന്പൂർ മുതുകാട് സ്വദേശി കാങ്കപ്പൊയിൽ ഷൈജിത്ത് (32) ആണ് വ്യാഴാഴ്ച പുലർച്ചെ യാത്രയായത്.
മജ്ജയിലെ അർബുദ രോഗബാധയെ തുടർന്നാണ് ചികിത്സ തുടങ്ങിയത്. വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം. മജ്ജ മാറ്റിവയ്ക്കാൻ 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ സാധാരണ കുടുംബത്തിലെ അംഗമായ ഷൈജിത്തിന് ഇത്രയും ഭീമമായ തുക സമാഹരിക്കാൻ കഴിയാത്തതിനാൽ ചികിത്സ നടത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയുണ്ടാക്കിയാണ് ധനസമാഹരണം നടത്തിയിരുന്നത്.
നിലന്പൂർ നഗരസഭാംഗം കെ. റഹീമായിരുന്നു കമ്മിറ്റിയുടെ കണ്‍വീനർ. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുക സമാഹരിക്കുന്നതിന്റെ ഭാഗമായി നിലന്പൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും കവർ എത്തിച്ച് പണം സമാഹരിച്ചിരുന്നു.
കുടുംബശ്രീ, വിവിധ ക്ലബ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങി മുഴുവൻ ജനങ്ങളുടെയും കൂട്ടായ്മയിൽ ചികിത്സക്കാവശ്യമായ തുക കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. അതിനിടെയായിരുന്ന കഴിഞ്ഞ ദിവസം മരണം.